SHARE

പാകിസ്ഥാൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ഷോയിബ് മാലിക്ക്. നിലവിൽ ലോകക്രിക്കറ്റിൽ സജീവമായ താരങ്ങളിൽ ഏറ്റവുമധികം പരിചയസമ്പത്തുള്ള കളികാരിൽ ഒരാൾ കൂടിയായ മാലിക്ക് ഇപ്പോളിതാ തന്റെ കരിയറിലെ ഏറ്റവും വലിയ ദുഃഖം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നു.

2007 ൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതാണ് കരിയറിലെ ഏറ്റവും ദുഃഖകരമായ കാര്യമായി‌ മാലിക്ക് ചൂണ്ടിക്കാട്ടുന്നത്. രണ്ട് വർഷത്തിന് ശേഷമായിരുന്നു ക്യാപ്റ്റനാകാൻ തന്നോട് പാക് ബോർഡ് ആവശ്യപ്പെട്ടിരുന്നതെങ്കിൽ അത് നല്ല രീതിയിൽ മുന്നോട്ട് പോകുമായിരുന്നുവെന്നും മാലിക്ക് പറയുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, “2007 ൽ പാക് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകാൻ തീരുമാനിച്ചതാണ് കരിയറിലെ ഏറ്റവും ദുഃഖകരമായ കാര്യം. നമ്മളോട് രാജ്യത്തെ നയിക്കാൻ ആവശ്യപ്പെടുമ്പോൾ അതിനെ എതിർക്കുന്നത് കഠിനമാണ്, എന്നാൽ സ്ഥാനം ഏറ്റെടുത്തതിന് ശേഷമാണ് എന്റെ തലയിൽ നല്ല ബുദ്ധി ഉദിച്ചത്. രണ്ട് വർഷം കഴിഞ്ഞായിരുന്നു ആ ബഹുമതി (ക്യാപ്റ്റൻസി) തനിക്ക് ലഭിച്ചിരുന്നതെങ്കിൽ താരങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിലെങ്കിലും എനിക്ക് കുറച്ച് കൂടി മികച്ച ക്യാപ്റ്റനാകാമായിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ നടക്കുന്ന‌ സമയത്ത് നിങ്ങൾക്ക് ശരിയായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ല എന്നതാണ് സത്യം.” പാക്‌പാഷൻ ഡോട്ട് നെറ്റിനോട് സംസാരിക്കവെ മാലിക്ക് പറഞ്ഞു.