SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ സൂപ്പർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. മാ‍ഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു ആതിഥേയരുടെ ജയം.

ലീഡ് നേടിയ ശേഷമായിരുന്നു സിറ്റിക്കെതിരെ ലെസ്റ്റർ തോൽവി വഴങ്ങിയത്. മത്സരത്തിന്റെ 22-ാം മിനിറ്റിൽ സൂപ്പർ താരം ജെയ്മി വാർഡിയിലൂടെ ലെസ്റ്ററാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ എട്ട് മിനിറ്റിനകം മുൻ ലെസ്റ്റർ താരം റിയാദ് മെഹ്രസിലൂടെ സിറ്റി ഒപ്പമെത്തി. ഹാഫ്ടൈമിന് തൊട്ടുമുമ്പ് ഇൽക്കെ ​ഗുൺഡോവന്റെ പെനാൽറ്റി ​ഗോളിലൂടെ സിറ്റി ലീഡെടുത്തു. പിന്നീട് 69-ാം മിനിറ്റിൽ ബ്രസീൽ താരം ​ഗബ്രിയേൽ ജെസ്യൂസിന്റെ ​ഗോളിൽ സിറ്റി വിജയം ഉറപ്പിക്കുകയായിരുന്നു.

ലെസ്റ്റർ തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ മാറ്റമൊന്നുമില്ല. 39 പോയിന്റുള്ള ലെസ്റ്റർ തന്നെയാണിപ്പോഴും രണ്ടാമത്. 38 പോയിന്റുള്ള സിറ്റി മൂന്നാമതാണ്. ഒന്നാമതുള്ള ലിവർപൂളിന് 49 പോയിന്റാണുള്ളത്. മാത്രവുമല്ല അവർ ഒരു മത്സരം കുറച്ചാണ് കളിച്ചത്. ഇതോടെ ഇപ്പോൾ ലെസ്റ്റർ തോറ്റതിനാൽ വരുന്ന മത്സരം ജയിച്ചാൽ ലിവർപൂളിന് ലീഡ് 13 പോയിന്റായി ഉയർത്താം.