ശ്രീലങ്കക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഇന്ത്യ 2-1 ന് വിജയിക്കുമ്പോൾ ടീമിനായി നിർണായക പ്രകടനമായിരുന്നു സൂര്യകുമാർ യാദവ് പുറത്തെടുത്തത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ടീമിനായി മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച യാദവ് 124 റൺസായിരുന്നു നേടിയത്. ഈ പ്രകടനം പരമ്പരയിലെ മികച്ച താരത്തിനുള്ള പുരസ്കാരവും സൂര്യ കുമാർ യാദവിന് നേടിക്കൊടുത്തു.
ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച പരമ്പരയിൽ ടീമിനായി ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനായെങ്കിലും ഒരു കാര്യത്തിൽ സൂര്യകുമാർ യാദവ് വളരെയധികം നിരാശനാണ്. ഇന്നലെ മൂന്നാം ഏകദിനത്തിന് ശേഷം സംസാരിക്കവെ ഇതേക്കുറിച്ച് താരം മനസ് തുറക്കുകയും ചെയ്തു.
ശ്രീലങ്കക്കെതിരെ മികച്ച പ്രകടനം കാഴ്ച വെക്കാനായെങ്കിലും പരമ്പരയിൽ വലിയ സ്കോറുകൾ നേടാൻ കഴിയാതിരുന്നതാണ് സൂര്യകുമാർ യാദവിനെ നിരാശപ്പെടുത്തുന്നത്. അവസാന രണ്ട് ഏകദിനങ്ങളിൽ വലിയ സ്കോർ നേടാനുള്ള സാഹചര്യമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സൂര്യകുമാർ, എന്നാൽ അതിന് സാധിക്കാത്തതിൽ താൻ വളരെയധികം നിരാശനാണെന്നും മൂന്നാം ഏകദിനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കവെ പറഞ്ഞു.
“തീർച്ചയായും ഒരു വലിയ സ്കോർ നേടാനാവാത്തതിൽ ഞാൻ നിരാശനാണ്. ആദ്യ മത്സരം ആരംഭിച്ച രീതി എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകി. രണ്ടും, മൂന്നും മത്സരങ്ങളിൽ ഒരു വലിയ സ്കോർ നേടാനും, ടീമിനായി മത്സരങ്ങൾ ജയിപ്പിക്കാനുമുള്ള സാഹചര്യം വളരെ മികച്ചതായിരുന്നു. എന്നാൽ ഞാൻ കളിച്ച് പുറത്താകേണ്ട രീതി അതായിരുന്നില്ല. അതിൽ ഞാൻ നിരാശനാണ്.” സൂര്യകുമാർ യാദവ് പറഞ്ഞു.