SHARE

ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വർഷങ്ങളായി കാത്തിരുന്ന സൂപ്പർ ട്രാൻസ്ഫർ യാഥാർഥ്യമാകുന്നു എന്ന് സൂചന. ഇം​ഗ്ലീഷ് താരം ജേഡൻ സാഞ്ചോയുടെ കാര്യത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടുമായി യുണൈറ്റഡ് ധാരണയിലെത്തിക്കഴിഞ്ഞു എന്നാണ് ഇം​ഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രശസ്ത ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയും ഇക്കാര്യം ട്വീറ്റ് ചെയ്തു.

ഇം​ഗ്ലീഷ് വിങ്ങറായ സാഞ്ചോയെ ഒപ്പം കൂട്ടാൻ യുണൈറ്റഡ് ശ്രമം തുടങ്ങയിട്ട് കുറച്ചായി. കഴിഞ്ഞ വർഷം ഇക്കാര്യത്തിൽ സാഞ്ചോയുമായി യുണൈറ്റ‍് ധാരണയിലെത്തിയെങ്കിലും ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ ഡോർട്ട്മുണ്ടിനോട് യോജിക്കാനായില്ല. ഇതോടെ അന്ന് ട്രാൻസ്ഫർ മുടങ്ങി. എന്നാലിപ്പോൾ ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ ഇരുക്ലബുകളും തമ്മിൽ ധാരണയായെന്നാണ് റിപ്പോർട്ടുകൾ. 90 ദശലക്ഷം യൂറോ എന്ന വിലയിലാണ് ഇരുകൂട്ടരും യോജിച്ചത്.

അഞ്ച് വർഷത്തെ കരാറിലാകും സാഞ്ചോ യുണൈറ്റഡിലെത്തുക. മെഡിക്കലിന് ശേഷം സാഞ്ചോ യുണൈറ്റ‍ഡ് താരമാകുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യൂറോ കപ്പിനുള്ള ഇം​ഗ്ലീഷ് സ്ക്വാഡിൽ സാഞ്ചോയുണ്ട്. അതിനാൽ തന്നെ യൂറോയ്ക്ക് ശേഷമാകും മെഡിക്കലടക്കമുള്ള ശേഷിക്കുന്ന നടപടികൾ.