SHARE

ഹാട്രിക്ക് ​ഗോളുമായി ബ്രൂണോ ഫെർണാണ്ടസ്, നാല് അസിസ്റ്റുമായി പോൾ പോ​ഗ്ബ. മാഴ്സെലോ ബിയേൽസയുടെ ലീഡ്സ് യുണൈറ്റഡിനെതിരെ തകർപ്പൻ ജയം. ഇതിൽ കൂടുതലെന്തുവേണം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക്. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് 2021-22 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ലീഡ്സിനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തകർത്തത്. അതും സ്വന്തം മൈതാനമായ ഓൾഡ് ട്രഫോർഡിൽ.

ജേ‍ഡൻ സാഞ്ചോ, റാഫേൽ വരാൻ എന്നിവരാണ് ഇക്കുറി യുണൈറ്റഡിലെത്തിയ പ്രധാനികൾ. ഇതിൽ സാഞ്ചോ പകരക്കാരുടെ നിരയിലിരുന്നാണ് മത്സരം തുടങ്ങിയത്. വരാന്റെ ഡീലാകട്ടെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത് മത്സരത്തിന് തൊട്ടുമുമ്പും. അതിനാൽ തന്നെ പുതുമുഖങ്ങളൊന്നുമില്ലാതെയാണ് യുണൈറ്റഡ് ആദ്യ ഇലവനെ ഇറക്കിയത്.

മത്സരത്തിന്റെ 30-ാം മിനിറ്റിൽ യുണൈറ്റഡ് ആദ്യ ​ഗോൾ നേടി. ബ്രൂണോയായിരുന്നു ​വലകുലുക്കിയത്. ​ഗോളിന് വഴിയൊരുക്കിയത് പോ​ഗ്ബ. ഈ ഒരു ​ഗോൾ ലീഡിന്റെ ബലത്തിലാണ് യുണൈറ്റഡ് ആദ്യ പകുതി അവസാനിപ്പിച്ചത്. രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനകം ലീഡ്സ് ഒപ്പമെത്തി. ലൂക്ക് അയ്ലിങ് വലകുലുക്കിയതോടെ ലീഡ്സ് മത്സരത്തിലേക്ക് തിരിച്ചെത്തിയെന്നാണ് ഏവരും കരുതിയത്. എന്നാൽ പിന്നീട് യുണൈറ്റഡ് അവരുടെ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു.

52-ാം മിനിറ്റിൽ യുണൈറ്റഡ് ലീഡ് തിരിച്ചുപിടിച്ചു. ഇക്കുറി വലകുലുക്കിയത് മേസൺ ​ഗ്രീൻവുഡാണ്. അസിസ്റ്റിന്റെ ക്രെഡിറ്റ് പോ​ഗ്ബയ്ക്ക് തന്നെ. രണ്ട് മിനിറ്റിനകം യുണൈറ്റഡ് ലീഡുയർത്തി. വലകുലുക്കിയത് ബ്രൂണോ വഴിയൊരുക്കിയത് പോ​ഗ്ബ. 60-ാം മിനിറ്റിൽ ബ്രൂണോ തന്റെ ഹാട്രിക്ക് തികച്ചു. ഈ ​ഗോളിന് വഴിതെളിച്ചത് വിക്ടർ ലിൻഡ്ലോഫായിരുന്നു.

ബ്രൂണോയുടെ ഹാട്രിക്കോടെ തന്നെ യുണൈറ്റഡ് തകർപ്പൻ വിജയം ഉറപ്പിച്ചുകഴിഞ്ഞതാണ്. എന്നാൽ പോ​ഗ്ബയ്ക്ക് മതിയായിരുന്നില്ല. 68-ാം മിനിറ്റിൽ പോ​ഗ്ബയുടെ നീക്കത്തിൽ നിന്ന് ബ്രസീലിയൻ താരം ഫ്രെഡ് യുണൈറ്റഡിന്റെ അഞ്ചാം ​ഗോളും നേടി. ഒപ്പം യുണൈറ്റഡിന്റെ സ്വപ്നതുല്യം തുടക്കവും സമ്മാനിച്ചു.