SHARE

ഏറെ പഴികേള്‍ക്കലുകള്‍ക്കു ശേഷം ഒലെയും കൂട്ടരും കളിയിലേയ്ക്ക് തിരിച്ചു വരുകയാണ്. ഏറെ നാളായി സ്വന്തം ഗ്രൗണ്ടിലെ ആരാധകര്‍ കാത്തിരുന്ന വിരുന്ന് അവര്‍ക്കായി ഒരുക്കാന്‍ യുണൈറ്റഡിനായത് ഇന്നായിരുന്നു. ഒന്നിലധികം ഗോളുകള്‍ നേടി എതിരില്ലാതെ എതിരാളികളെ തളയ്ക്കാന്‍ ഇനിയും തങ്ങള്‍ക്കാവുമെന്ന് ഓള്‍ഡ് ട്രഫോര്‍ഡിലെ ആരാധകര്‍ക്കു മുമ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തെളിയിച്ചപ്പോള്‍ ഗ്യാലറിയിലെ ആവേശക്കടല്‍ ആര്‍ത്തിരമ്പുകയായിരുന്നു.

യൂറോപ്പാ ലീഗില്‍ പാര്‍ട്ടിസണെതിരെയായിരുന്നു മത്സരം. ആദ്യ പകുതിയില്‍ തന്നെ 21-ാം മിനിട്ടില്‍ 18 കാരനായ ഗ്രീന്‍വുഡും 33-ാം മിനിട്ടില്‍ മാര്‍ഷ്യലും എതിര്‍ വല കുലുക്കി. രണ്ടാം പകുതില്‍ റാഷ്‌ഫോര്‍ഡിന്റെ വകയായിരുന്നു ഗോള്‍. 49-ാം മനിറ്റിലാണ് എതിര്‍വല റാഷ്‌ഫോഡ് കുലുക്കിയത്.

ഗ്രൂപ്പില്‍ ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെയാണ് ഒന്നാമത്. ഈ വിജയത്തോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനും ടീമിനായി. യൂറോപ്പ ലീഗില്‍ ഈ സീസണില്‍ ഇതുവരെ ഒരു ഗോള്‍ പോലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വഴങ്ങിയിട്ടില്ല.