SHARE

ലിവര്‍പൂളിന്റെ തുടര്‍വിജയങ്ങളില്‍ വിഷമത്തിലായ മാഞ്ചസ്റ്റര്‍ യുണൈററഡിന്റെ ഒരു കുഞ്ഞ് ആരാധകനാണ് ഇന്ന് ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാ വിഷയം. ഈ കുഞ്ഞ് ചില്ലറക്കാരനല്ല. ഇനി ജയിക്കരുത് എന്നു പറഞ്ഞ് കത്തെഴുതിയിരിക്കുകയാണ് ഈ മിടുക്കന്‍. കത്ത് എഴുതിയതാകട്ടെ സാക്ഷാല്‍ ലിവര്‍പൂളിന്റെ പരിശീലകന്‍ ക്ലോപ്പിനും . സ്‌കൂളിലെ അസൈന്‍മെന്റിന്റെ ഭാഗമായിരുന്നു കത്ത്.

ഡരാഗ് കേര്‍ലി എന്ന പത്തു വയസ്സുകാരന്റെയായിരുന്നു കത്ത്. താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത ആരാധകനാണെന്നും ലിവര്‍പൂളിന്റെ തുടര്‍ വിജയങ്ങള്‍ തനിക്ക് സങ്കടമാണെന്നും കത്തില്‍ പറയുന്നു. അതു കൊണ്ട് ഇനി ലിവര്‍പൂളിനെ തോല്‍പ്പിക്കാമോ എന്നായിരുന്നു കേര്‍ലിയുടെ ക്ലോപ്പിനോടുള്ളചോദ്യം.

ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ ശേഷിക്കുന്ന 9 മത്സരങ്ങള്‍ കൂടി ജയിച്ചാല്‍ അത് റെക്കോര്‍ഡാകുമെന്നും അത് തനിക്ക് സഹിക്കാനാവില്ലെന്നും അത് കൊണ്ട് ഇനി ജയിക്കരുതെന്നുമാണ് കത്തിലുള്ളത്.

എന്നാല്‍ ലിവര്‍പൂള്‍ ജയിക്കരുതെന്ന് കേര്‍ലി ആഗ്രഹിക്കുന്നതുപോലെ ടീം ജയിക്കണമെന്നാഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകര്‍ ഉണ്ടെന്നും അവരെ നിരാശപ്പെടുത്താതിരിക്കലാണ് തന്റെ ജോലിയെന്നും ക്ലോപ്പ് മറുപടിയില്‍ പറഞ്ഞു.

കഴിഞ്ഞകാലത്ത് ഒരു പാട് മത്സരത്തില്‍ പരാജയപ്പെട്ടിട്ടുള്ളതു പോലെ ഭാവിയില്‍ പരാജയപ്പെട്ടു കൂടായ്ക ഇല്ലെന്നും എന്നാല്‍ കേര്‍ലിയെപ്പോലെ ഇത്ര നല്ല ആരാധകനെ കിട്ടിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഭാഗ്യമാണെന്നും മറുപടി കത്തില്‍ പറയുന്നു.