SHARE

ഒലെ ​ഗുണ്ണാർ സോൾഷ്യറെ പുറത്താക്കിയതിന് പിന്നാലെ പുതിയ പരിശീലകനെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. മൗറീഷ്യോ പോച്ചെറ്റീനോ, എറിക് ടെൻ ഹാ​ഗ്, ബ്രണ്ടൻ റോഡ്ജേഴ്സ് തുടങ്ങിയ വൻ പേരുകൾ ഇതിനകം ചർച്ചകളിൽ നിറഞ്ഞുകഴിഞ്ഞു.

കഴിഞ്ഞ ദിവസമാണ് യുണൈറ്റഡ് ഒലെയെ പുറത്താക്കിയത്. പിന്നാലെ താൽക്കാലിക ചുമതല സഹപരിശീലകൻ മൈക്കിൾ കാരിക്കിനും നൽകി. റിപ്പോർട്ടുകൾ പ്രകാരം പോച്ചെറ്റീനോ തന്നെയാണ് ക്ലബിന്റെ പ്രധാനലക്ഷ്യം. നിലവിൽ പിഎസ്ജിയെ പരിശീലിപ്പിക്കുന്ന പോച്ചെറ്റീനോയെ അടുത്ത സീസണിൽ ഒപ്പം കൂട്ടാനാകും യുണൈറ്റഡിന്റെ പദ്ധതി. അതുവരെ ഇടക്കാല പരിശീലകന് ചുമതല നൽകാനാണ് ക്ലബ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

സ്കൈ സ്പോർട്സിന്റെ റിപ്പോർട്ട് പ്രകാരം ഇടക്കാല പരിശീലകസ്ഥാനത്തേക്ക് യുണൈറ്റഡ് പരി​ഗണിക്കുന്നവരിൽ ഏണസ്റ്റോ വാൾവെർദെയുമുണ്ട്. ബാഴ്സലോണയുടെ മുൻ പരിശീലകനായ വാൾവെർദെയുമായി യുണൈറ്റഡ് ആദ്യ ഘട്ട ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. 2017-ൽ ബാഴ്സ പരിശീലകനായെത്തിയ വാൾവെർദെ ക്ലബിനെ രണ്ട് ലാ ലി​ഗ കിരീടങ്ങളിലേക്ക് നയിച്ചു. എന്നാൽ കഴിഞ്ഞ വർഷം ആദ്യം ബാഴ്സ വാൾവെർദെയെ പുറത്താക്കുകയായിരുന്നു.