ഇംഗ്ലീഷ് സൂപ്പർക്ലബ് വാറ്റ്ഫോർഡിൽ വീണ്ടും പരിശീലകമാറ്റം. ക്രൊയേഷ്യൻ പരിശീലകൻ സ്ലാവൻ ബിലിച്ചാണ് വാറ്റ്ഫോർഡിന്റെ പുതിയ ചുമതലക്കാരൻ. ക്ലബ് ഇക്കാര്യം ഔദ്യോഗികമായ പ്രഖ്യാപിച്ചു.
നിലവിൽ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷനിലാണ് വാറ്റ്ഫോർഡ് കളിക്കുന്നത്. സീസൺ തുടക്കത്തിൽ യുവപരിശീലകൻ റോബ് എഡ്വാർഡ്സിനെയാണ് ക്ലബ് ചുമതലയേൽപ്പിച്ചത്. എന്നാൽ മൂന്ന് മാസത്തിന് ശേഷം എഡ്വാർഡ്സിനെ പുറത്താക്കുകയായിരുന്നു. ലീഗിൽ നിലവിൽ പത്താം സ്ഥാനത്താണ് വാറ്റ്ഫോർഡ്. എഡ്വാർഡ്സിന് പകരമെത്തുന്ന ബിലിച്ച്, പരിചയസമ്പന്നനാണ്. വെസ്റ്റ് ഹാം, വെസ്റ്റ് ബ്രോം എന്നീ പ്രീമിയർ ലീഗ് ക്ലബുകളേയും ക്രൊയേഷ്യ ദേശീയ ടീമിനേയും ബിലിച്ച് പരിശീലിപ്പിച്ചിട്ടുണ്ട്.
മൂന്ന് വർഷത്തിനിടെ വാറ്റ്ഫോർഡിന്റെ ചുമതലയേൽക്കുന്ന ഒമ്പതാം പരിശീലകനാണ് ബിലിച്ച്. ക്വിക്കെ ഫ്ലോറസ് സാഞ്ചസ്, നൈഗൽ പിയേഴ്സൻ, വ്ലാഡിമർ ഇവിച്ച്,സിസ്കോ മുനോസ്, ക്ലോഡിയോ റാനിയേരി, റോയ് ഹോഡ്ജ്സൻ എന്നിവരാണ് എഡ്വാർഡിസിനും ബിലിച്ചിനും പുറമെ 2019 സെംപ്റ്റംബർ മുതൽ ഇതുവരെ ടീമിനെ പരിശീലിപ്പിച്ചത്. ഇടക്കാല പരിശീലകനായ ഹെയ്ഡൻ മുള്ളിൻസും ഇതിലുൾപ്പെടും.