SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയക്കുതിപ്പ് തുടരുന്നു. ബുധനാഴ്ച സ്വാന്‍സി സിറ്റിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് സിറ്റി പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ 15-ാം ജയം എന്ന നേട്ടം കൈവരിച്ചു. ഡേവിഡ് സില്‍വയുടെ ഇരട്ടഗോളും, സെര്‍ജിയോ അഗ്യൂറോ, കെവിന്‍ ഡി ബ്രുയന്‍ എന്നിവരുടെ ഗോളുകളുമാണ് സിറ്റിക്ക് എവേ വിജയം സമ്മാനിച്ചത്.

മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ പരാജയമേറ്റുവാങ്ങിയ യുണൈറ്റഡ് ബേണ്‍മത്തിനെതിരെ വിജയവഴിയില്‍ തിരിച്ചെത്തി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ കഴിഞ്ഞ മത്സരങ്ങള്‍ ഒട്ടേറെ പഴികേട്ട ബെല്‍ജിയന്‍ താരം റൊമേലു ലുക്കാക്കുവിന്റെ ഗോളിലാണ് യുണൈറ്റഡിന്റെ ജയം.

മറ്റൊരു മത്സരത്തില്‍ ടോട്ടനം ബ്രൈട്ടനെ എതിരില്ലാത്ത് രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഐവറി കോസ്റ്റ് താരം സെര്‍ജി ഔറിയര്‍, കൊറിയന്‍ താരം ഹ്യുങ് മിന്‍ സണ്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.  മുന്‍ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി, സതാംപ്ടണെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ലെസ്റ്ററിനായി ജാപ്പനീസ് താരം ഷിന്‍ജി ഓകസാക്കി ഇരട്ട ഗോള്‍ നേടി. റിയദ് മെഹരസ്, ആന്‍ഡ് കിങ് എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. സതാംപ്ടന്റെ ആശ്വാസ ഗോള്‍ മയ യോഷിദ നേടി.

മറ്റ് മത്സരങ്ങളില്‍ ആഴ്‌സനില്‍ വെസ്റ്റ് ഹാമിനോടും ലിവര്‍പൂള്‍ വെസ്റ്റ് ബ്രോംവിച്ചിനോടും ഗോള്‍രഹിത സമനിയില്‍ പിരിഞ്ഞു. പോയിന്റ് പട്ടികയില്‍ സിറ്റി ഒന്നാമതും യുണൈറ്റഡ് രാണ്ടാമതുമാണ്. ചെല്‍സി, ടോട്ടനം, ലിവര്‍പൂള്‍ എന്നീ ടീമുകള്‍ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുണ്ട്.