SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ ഒരു വമ്പൻ നീക്കം നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. അർജന്റൈൻ ഫോർവേഡ് ജൂലിയൻ അൽവാരസിനെ ഒപ്പം കൂട്ടാനുള്ള സിറ്റിയുടെ നീക്കം വിജയത്തിലേക്ക് അടുക്കുകയാണെന്നാണ് വാർത്തകൾ. ഇഎസ്പിഎന്നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

21-കാരനായ അൽവരാസ് അർജന്റൈൻ ക്ലബ് റിവർപ്ലേറ്റിന്റെ സൂപ്പർതാരമാണ്. കോപ്പാ അമേരിക്ക കീരീടമുയർത്തിയ അർജന്റീന ടീമിലും അം​ഗമായിരുന്നു അൽവാരസ്. ഇതിനകം പല യൂറോപ്യൻ വമ്പന്മാരും ഈ താരത്തെ ഒപ്പം കൂട്ടാൻ ശ്രമിച്ചുകഴിഞ്ഞു. എന്നാലിപ്പോൾ അൽവാരസ് പെപ് ​ഗാർഡിയോളയുടെ ടീമിന്റെ ഭാ​ഗമാകാനുള്ള സാധ്യതകളാണ് തെളിയുന്നത്.

ഇഎസ്പിഎന്നിന്റെ റിപ്പോർട്ട് പ്രകാരം 20 ദശലക്ഷം യൂറോയിൽ താഴെയുള്ള ട്രാൻസ്ഫർ തുകയാണ് അൽവാരസിനായി സിറ്റി മുടക്കുക. കരാറിലെത്തുമെങ്കിലും അൽവാരസ് അടുത്ത സീസണിൽ മാത്രമെ സിറ്റി ടീമിന്റെ ഭാ​ഗമാകു എന്നാണ് റിപ്പോർട്ട്. അതുവരെ റിവർപ്ലേറ്റിനായി തന്നെ താരം ലോണിൽ കളിക്കും.

സിറ്റിയുടെ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് അൽവാരസിനെ നോട്ടമിട്ടിരുന്നു. എന്നാൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം യുണൈറ്റഡ് ഈ താരത്തിനായി ഔദ്യോ​ഗിക നീക്കം നടത്തിയിട്ടില്ല. ഇറ്റാലിയൻ സൂപ്പർ ക്ലബ് എസി മിലാനും അൽവാരസിനായി വലവിരിച്ചതായാണ് സൂചന.