SHARE

രണ്ട് വർഷത്തേക്ക് ചാമ്പ്യൻസ് ലീ​ഗിൽ നിന്ന് വിലക്കിയതിന് പിന്നാലെ പ്രീമിയർ ലീ​ഗിലും മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി നേരിട്ടേക്കും. ചില ഇം​ഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം 2013-14 സീസണിലെ സിറ്റിയുടെ പ്രീമിയർ ലീ​ഗ് കിരീടം നഷ്ടമാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ തന്നെയാണ് ഇതിന് പിന്നിലും

സാമ്പത്തിക നടപടികളിലെ ചട്ടങ്ങൾ ലംഘിച്ചതിനാണ് ഇപ്പോൾ സിറ്റിക്ക് യുവേഫ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 2012 മുതൽ 2016 വരെയുള്ള നാല് വർഷത്തെ ഇടപാളുകളിലാണ് സിറ്റി ചട്ടലംഘനം നടത്തിയതെന്നാണ് സൂചന. സിറ്റിയെ കുറ്റക്കാരെന്ന് യുഫേവ കണ്ടെത്തിയതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രീമിയർ ലീ​ഗ് പ്രത്യേകം അന്വേഷണം നടത്തിയാൽ സിറ്റി കുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പ്രീമിയർ ലീ​ഗിലും ഇത്തരം സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി തെളിയിച്ചാൽ ടീമിന്റെ സീസണിലെ പോയിന്റ് വെട്ടിച്ചുരുക്കാൻ അധികൃതർക്ക് അനുമതിയുണ്ട്.

2013-14 സീസണിൽ ലിവർപൂളിനേക്കാൾ രണ്ട് പോയിന്റ് മാത്രം അധികം നേടിയാണ് സിറ്റി കിരീടം ചൂടിയത്. പ്രീമിയർ ലീ​ഗ് എന്തെങ്കിലും അന്വേഷണം നടത്താൻ തയ്യാറാകുകയും അതിൽ സിറ്റി കുടുങ്ങുകയും ചെയ്താൽ ആ വർഷത്തെ കിരീടം ലിവർപൂളിന് കൈമാറിക്കിട്ടിയേക്കും.