SHARE

ഇംഗ്ലീഷ് ഫുട്‌ബോളിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ ഉയര്‍ന്നു വരുന്ന ഫുട്‌ബോള്‍ ലീഗുകളില്‍ കൂടുതല്‍ നിക്ഷപം ഇറക്കാനുള്ള നീക്കത്തിലാണ് ക്ലബ്. സിറ്റിയുടെ ഉടമസ്ഥരായ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക ഇത്തരം ലീഗുകളില്‍ സാന്നിധ്യമുറപ്പിക്കുന്നതിനാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ ഹോംമത്സരം കാണാന്‍ സിറ്റിയുടെ പ്രതിനിധികള്‍ എത്തിയിരുന്നു.

ഫുട്‌ബോള്‍ ലോകത്ത് ഇന്ത്യയ്ക്കും ഐഎസ്എല്ലിനും വലിയ സാധ്യതകളാണുള്ളതെന്നാണ് ഇവര്‍ വിലയിരുത്തിയത്. സമീപഭാവിയില്‍ ഇന്ത്യന്‍ ക്ലബുകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള സാധ്യതകളും സിറ്റി ആരായുന്നുണ്ട്. സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡ് സൗരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയുമായി തുടക്ക സീസണുകളില്‍ സഹകരിച്ചിരുന്നു. ഏഷ്യയില്‍ ഇന്ത്യയ്ക്ക് പുറമേ ചൈനീസ്, ജാപ്പനീസ് ലീഗുകളെയാണ് സിറ്റി ലക്ഷ്യം വയ്ക്കുന്നത്.

അക്കാദമികളും ക്ലബുകളില്‍ നിക്ഷേപവും കളിക്കാര്‍ക്ക് വിദഗ്ധ പരിശീലനവും ഉള്‍പ്പെടെ സമഗ്രമായ നിക്ഷേപം നടത്താനാണ് തങ്ങള്‍ ഉദേശിക്കുന്നതെന്ന് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ടോം ഗ്ലിക് പറയുന്നു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ 24 ക്ലബുകളുമായി നിലവില്‍ സിറ്റിക്ക് ബിസിനസ് ബന്ധങ്ങളുണ്ട്. സ്പാനിഷ് ലാലിഗ ക്ലബ് ഗിറോണയിലാണ് സിറ്റി അവസാനമായി നിക്ഷേപം നടത്തിയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ക്ലബിന്റെ 44.3 ശതമാനം ഓഹരികളാണ് സിറ്റി വാങ്ങിയത്.