SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലും ചാമ്പ്യൻസ് ലീ​ഗിലും കിരീടം ലക്ഷ്യമിടുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടിയായി സൂപ്പർതാരം സെർജിയോ അ​ഗ്യൂറോയുടെ പരുക്ക്. കാൽമുട്ടിനേറ്റ പരുക്കിൽ നിന്ന് മോചിതനായി കളിക്കളത്തിൽ തിരികെയെത്താൻ ശ്രമിക്കുന്ന അ​ഗ്യൂറോ സീസണിന്റെ ആദ്യ രണ്ട് മാസം കൂടി പുറത്തിരിക്കേണ്ടിവരുമെന്ന് സൂചന. പരിശീലകൻ പെപ് ​ഗ്വാർഡിയോള തന്നെയാണ് ഇത്തരമൊരു സൂചന നൽകിയത്.

അടുത്തിടെയായി നിരന്തരം പരുക്കേൽക്കുന്ന താരമാണ് അർജന്റൈൻ സ്ട്രൈക്കറായ അ​ഗ്യൂറോ. കഴിഞ്ഞ ജൂണിൽ ബേൺലിക്കെതിരായ പ്രീമിയർ ലീ​ഗ് മത്സരത്തിലാണ് അ​ഗ്യൂറോ ഒടുവിൽ കളിച്ചത്. ഈ മത്സരത്തിനിടെ പരുക്കേറ്റ അ​ഗ്യൂറോയുടെ കാൽമുട്ടിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇപ്പോൾ പരുക്ക് ഭേദമായി വേ​ഗം കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള കഠിനശ്രമങ്ങളിലാണ് ഈ 32-കാരൻ. എന്നാൽ ഇത് ബുദ്ധിമുട്ടാകുമെന്നാണ് പെപ് പറയുന്നത്.

അ​ഗ്യൂറോയുടേത് ​ഗുരുതരമായ പരുക്കാണ്, കളിക്കളത്തിൽ തിരികെയെത്താൻ നന്നായി പരിശ്രമിക്കുന്നുമുണ്ട്, എന്നാൽ കുറേ നാളായി അ​ഗ്യൂറോ കളിക്കളത്തിന് പുറത്താണ്, മാത്രവുമല്ല അത്ര വേ​ഗത്തിൽ ശാരീരിക്ഷമത വീണ്ടെടുക്കുന്ന താരവുമല്ല, അതിനാൽ ഒന്നോ രണ്ട് മാസത്തിനുള്ളിലെ തിരിച്ചുവരവ് സാധ്യമാകു, പെപ് പറഞ്ഞു.