SHARE

പോർച്ചു​ഗീസ് ക്ലബ് എഫ.സി പോർട്ടോയുടെ യുവ പ്രതിരോധതാരം ഡിയ​ഗോ ഡാലോട്ടിനെ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി. 1.9 കോടി യൂറോയ്ക്കാണ് താരവുമായി അഞ്ച് വർഷത്തെ കരാർ യുണൈറ്റഡ് ഒപ്പുവെച്ചരിക്കുന്നത്.

യൂറോപ്പിലെ ഏറ്റവും മികച്ച യുവ ഫൂൾബാക്കിനെയാണ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് യുണൈറ്റഡ് പരിശീലകൻ ഹോസെ മൊറീന്യോയുടെ പ്രതികരണം. 19-കാരനായ ഡാലോട്ട് 2008 മുതൽ പോർട്ടോ അക്കാദമിയിൽ കളിക്കുന്നുണ്ട്. ഇക്കഴിഞ്ഞ സീസണിലാണ് ആദ്യമായി, സീനിയർ ടീമിൽ അവസരം ലഭിച്ചത്. പോർച്ചു​ഗീസ് ലീ​ഗിൽ ഏഴ് മത്സരം കളിച്ച താരം, ചാമ്പ്യൻസ് ലീ​ഗിൽ ലിവർപൂളിനെതിരായ പ്രീക്വാർട്ടർ മത്സരത്തിലും കളിച്ചിരുന്നു.

പോർച്ചു​ഗലിന്റെ അണ്ടർ 15 മുതൽ അണ്ടർ 21 വരെയുള്ള എല്ലാ പ്രായവിഭാ​ഗത്തിലും ഡാലോട്ട് കളിച്ചിട്ടുണ്ട്. 2016-ൽ അണ്ടർ 16 യൂറോ കപ്പ് നേടിയ ടീമിലെ നിർണായകസാന്നിധ്യമായിരുന്നു ഡോലോട്ട്. ഫൈനലിൽ സ്പെയിനെതിരായ മത്സരത്തിൽ ഒരു ​ഗോളും അന്ന് ഡാലോട്ട് നേടി. നിലവിൽ യുണൈറ്റഡിന്റെ രണ്ട് ഫൂൾബാക്കുകളായ ഇറ്റാലിയൻ താരം മത്തോവോ ഡാർമിയൻ, നെതർലൻഡിന്റെ ഡാലി ബ്ലിൻഡ് എന്നിവർ അടുത്ത സീസണിൽ ക്ലബ് വിടുമെന്നാണ് റിപ്പോർട്ടുകൾ, ഇതിനിടയാണ് ഡാലോട്ടിന്റെ വരവ്.