SHARE

യൂറോപ്പിലെ പ്രധാന ലീഗുകളില്‍ ഞായറാഴ്ച്ച നടന്ന മത്സരങ്ങളില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് ന്യൂകാസില്‍ യുണൈറ്റഡാണ് മാഞ്ചസ്റ്ററിനെ വീഴ്ത്തിയത്. യുണൈറ്റഡ് താരം അലക്‌സിസ് സാഞ്ചസ് സുവര്‍ണാവസരം നഷ്ടമാക്കിയ മത്സരത്തില്‍, 65-ാം മിനിറ്റില്‍ മാറ്റ് റിച്ചി നേടിയ ഗോളിലാണ് ന്യൂകാസിലിന്റെ ജയം.

മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ട് ഗോളിന് സതാംപ്ടണെ വീഴ്ത്തി. റോബര്‍ട്ട് ഫിര്‍മിന്യോ, മുഹമ്മദ് സാല എന്നിവരാണ് ഗോള്‍ നേടിയത്. ബേണ്‍മത്തിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഹഡേഴ്‌സ്ഫീല്‍ഡും പ്രീമിയര്‍ ലീഗില്‍ വിജയക്കൊടി പാറിച്ചു.

ലാ ലിഗയില്‍ ഗറ്റാഫെയാണ് ബാഴ്‌സലോണയെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഗോളൊന്നും നേടിയില്ല. വലന്‍സിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലാവന്റയേയും, സെവിയ എതിരില്ലാത്ത ഒരു ഗോളിന് ജിറോണയേയും വീഴ്ത്തി.

സെരി എയില്‍ ഏറെ നാളായുള്ള സമനിലക്കുരുക്കുകള്‍ ഭേദിച്ച് ഇന്റര്‍ മിലാന്‍ വിജയം നേടി. ബൊളോഗ്നയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്റര്‍ വീഴ്ത്തിയത്. എഡര്‍, യാന്‍ ഖരമോ എന്നിവര്‍ ഇന്ററിന്റെ ഗോളുകള്‍ നേടിയപ്പോള്‍ റോഡ്രിഗോ പലാസിയോയാണ് ബോളോഗ്നയ്ക്കായി ആശ്വാസഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ കരുത്തരായ എ.എസ് റോമ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ലീഗില്‍ അവസാന സ്ഥാനക്കാരായ ബെനെവെന്റോയെ തകര്‍ത്തു.