SHARE

ക്രിസ്റ്റല്‍ പാലസിനു മുന്നില്‍ വീണ്ടും വിറച്ച് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. സെര്‍ജിയോ അഗ്യൂറോ ഇരട്ട ഗോള്‍ നേടിയെങ്കിലും സിററിക്ക് വിജയിക്കാനായില്ല. സിറ്റിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നത് ടീമിന് കനത്ത തിരിച്ചടിയായി.

ആദ്യ പകുതിയില്‍ ടോസൂണ്‍ നേടിയ ഗോളില്‍ ക്രിസ്റ്റല്‍ പാലസ് ലീഡ് നേടി. കളിയുടെ 80-ാം മിനിറ്റുവരെ ഈ ലീഡ് നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ സിറ്റിയുടെ തിരിച്ചുവരവിന്റെ സൂചന നല്‍കി 82, 87 മിനിറ്റുകളില്‍ സെര്‍ജിയോ അഗ്യൂറോ നേടിയ ഗോളുകള്‍ സിറ്റിക്ക് വിജയ പ്രതീക്ഷയുള്ള മുന്‍ തൂക്കം നല്‍കി. എന്നാല്‍ ഇത് അധിക സമയം നലനിന്നില്ല.

-Advertisement-

നിര്‍ഭാഗ്യം സെല്‍ഫ് ഗോളിന്റെ രൂപത്തിലായിരുന്നു സിറ്റിയെ തേടിയെത്തിയത്. നിശ്ചിത സമയത്തിന്റെ അവസാന മിനിട്ടില്‍ ഫെര്‍ണാണ്ടിഞ്ഞോയുടെ പിഴവാണ് സെല്‍ഫ് ഗോളായി മാറിയത്. ഇതോടെ മത്സരം 2-2 ന് സമനിലയില്‍ അവസാനിച്ചു. ലിവര്‍പൂളിന് 21 കളികളില്‍ നിന്നും 61 പോയിന്റുള്ളപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 23 മത്സരങ്ങളില്‍ നിന്നും 48 പോയിന്റുകള്‍ മാത്രമാണുള്ളത്.