SHARE

വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ സൂപ്പർ താരമാണ് സ്മൃതി‌മന്ദാന. സമീപകാലത്തായി ഗംഭീര ഫോമിലുള്ള മന്ദാന, ഇന്നലെ ന്യൂസിലൻഡിനെതിരായ ആദ്യ ടി20 യിൽ ഒരിന്ത്യൻ താരത്തിന്റെ അതിവേഗ ടി20 അർധശതകം സ്കോർ ചെയ്തിരുന്നു. ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ മിന്നിത്തിളങ്ങി നിൽക്കുന്ന മന്ദാന, കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റർ യുസ്വേന്ദ്ര ചഹലിന്റെ ചാനലായ ചഹൽ ടിവിയോട് സംസാരിച്ചിരുന്നു.

മന്ദാനയോടുള്ള സംസാരത്തിനിടെ രസകരമായ ഒരു ചോദ്യം ചഹൽ മുന്നോട്ട് വെച്ചു. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യ തകർന്നപ്പോൾ 18 റൺസ് നേടി ടീമിന്റെ ടോപ്‌സ്കോററായ തന്റെ പ്രകടനം കണ്ട് മന്ദാനയ്ക്ക് പ്രചോദനം ലഭിച്ചോയെന്നായിരുന്നു ചഹലിന്റെ ചോദ്യം. ഇതിന് ചഹലിനെ ട്രോളി തകർപ്പൻ മറുപടിയാണ് മന്ദാന നൽകിയത്. “അതെ അതെ, നാലാം ഏകദിനത്തിലെ താങ്കളുടെ ബാറ്റിംഗ് കണ്ട് വലിയ പ്രചോദനമാണ് തനിക്ക് ലഭിച്ചത്. എന്റെ ബാറ്റിംഗ് ഇനിയുമേറെ മെച്ചപ്പെടുത്താനുണ്ടെന്ന് തനിക്ക് തോന്നിപ്പോയി. ബാറ്റിംഗിന്റെ കാര്യത്തിലേക്ക് വരുമ്പോൾ താങ്കളാണ് എന്റെ പ്രചോദനം.” മന്ദാന പറഞ്ഞുനിർത്തി.