SHARE

ലിവർപൂളിൽ എത്തിയ നാൾ മുതൽ ഒരേ ഫോമിൽ കളിക്കുന്ന താരമാണ് സാദിയോ മാനെ. പക്ഷെ ആ കളിമികവിന് ഇതുവരെ വേണ്ട വിധത്തിൽ അം​ഗീകാരം ലഭിച്ചിരുന്നില്ല എന്നതായിരുന്നു വസ്തുത. എന്നാൽ ഈ വർഷത്തെ ആഫ്രിക്കയിലെ മികച്ച കളിക്കാരനുള്ള പരുസ്കാരം മാനെയെ തേടിയെത്തിയപ്പോൾ ആരാധകർ നിസംശയം പറയുന്നു അത് അർഹതയ്ക്കുള്ള അം​ഗീകാരം തന്നെ.

ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീ​ഗ് കിരീടം, പ്രീമിയർ ലീ​ഗിൽ രണ്ടാം സ്ഥാനം. സെന​ഗൽ ദേശീയ ടീമിനൊപ്പം നേഷ്ൻസ് കപ്പിൽ രണ്ടാം സ്ഥാനം. വ്യക്തി​ഗത നേട്ടമായി പ്രീമിയർ ലീ​ഗിൽ ​ഗോൾഡൻ ബൂട്ട്. 2019-ലെ മികച്ച ആഫ്രിക്കൻ താരമായി മാനെയെ തിരഞ്ഞെടുക്കാൻ ഇത്രമാത്രം മതി. എന്നാൽ അവസാനഘട്ടത്തിൽ ഒപ്പം മത്സരിച്ചത് റിയാദ് മെഹ്രസും മുഹമ്മദ് സാലയുമായിരുന്നതിനാൽ പുരസ്കാരം പ്രഖ്യാപിക്കും വരെ ആരാധകരിൽ നെഞ്ചിടിപ്പുണ്ടായിരുന്നു.

കഴിഞ്ഞ സീസണുകളിലൊക്കെ ലിവർപൂളിനായി തകർത്തുകളിച്ചോഴും മുഹമ്മദ് സാലയുടെ പിന്നിലായിരുന്നു മാനെയുടെ സ്ഥാനം. സാലയ്ക്കായി ഈജിപ്തും അറബ് ഫുട്ബോൾ ആരാധകരും ഒറ്റക്കെട്ടായി രം​ഗത്തെത്തിയപ്പോൾ പല വോട്ടിങ്ങുകളിലും മാനെ പിന്നിലായിപ്പോയി. ആഫ്രിക്കയിലെ മികച്ച താരത്തിനുള്ള പുരസ്കാരത്തിൽ കഴിഞ്ഞ രണ്ട് തവണയും മാനെ സാലയ്ക്ക് പിന്നിൽ രണ്ടാമനായിപ്പോയി. 2016-ൽ മെഹ്രസ് വിജയിയായപ്പോൾ മൂന്നാം സ്ഥാനക്കാരനായിരുന്നു മാനെ

ബാലൺ ഡി ഓറിൽ 2017 മുതൽ അവസാന 30 അം​ഗ പട്ടികയിൽ ഉൾപ്പെട്ടിരുന്നു മാനെ. എന്നാൽ ഇത്തവണ മാത്രമാണ് ആദ്യ പത്തിൽ എത്താനായത്. ഇക്കുറി നാലാം സ്ഥാനത്താണ് മാനെ. ഫിഫ പുര്സ്കാര പട്ടികയിൽ ഇക്കുറി സാനെ അഞ്ചാം സ്ഥാനത്തെത്തി. അപ്പോഴും നിസാര വ്യത്യാസത്തിൽ സാലയ്ക്ക് പിന്നിലായിപ്പോയി.

കൈയ്യകലത്തിൽ ഏറെ കിരീടങ്ങളും വ്യക്തി​ഗതപുര്സകാരങ്ങളും മാനെയ്ക്ക് നഷ്ടമായിട്ടുണ്ട്. എന്നാലിപ്പോൾ ആഫ്രിക്കയിലെ മികച്ച താരമായി മാറിയതിലൂടെ, അതും മികച്ച എതിരാളികളെ മറികടന്നാകുമ്പോൾ മാനെയ്ക്ക് സന്തോഷം ഇരട്ടിയായിരിക്കും. ഒപ്പം സെന​ഗൽ എന്ന രാജ്യത്തിനും ഏറെ അഭിമാനവും പ്രചോദനവുമാണ് മാനെയുടെ ഈ നേട്ടം.

ഇതിഹാസതാരം എൽ ഹാദി ദിയൂഫിന് ശേഷം ആഫ്രിക്കയിലെ മികച്ച താരമാകുന്ന ആദ്യ സെന​ഗലുകാരനാണ് മാനെ. 2018-ൽ പതിനാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷെ സെന​ഗൽ ലോകകപ്പ് കളിക്കാനെത്തിയതും മാനെയുടെ ചിറകിലേറിയായിരുന്നു. തന്റെ വരുമാനത്തിൽ നിന്ന് സ്വന്തം നാടിനായി വാരിക്കോരി നൽകുന്ന മാനെയുടെ പാത പിന്തുടർന്ന് സെന​ഗലിൽ നിന്ന് ഒരപിടി താരങ്ങൾ നാളെ ഉദിച്ചുയരുമോയെന്ന് കാത്തിരുന്ന് കാണാം.