SHARE

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സ്റ്റേഡിയത്തിലെ ഫുട്‌ബോള്‍ ടര്‍ഫ് പൊളിക്കാനുള്ള നീക്കത്തിനെതിരെ മനുഷ്യ മതില്‍ തീര്‍ക്കുമെന്ന പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടായ്മ മഞ്ഞപ്പട രംഗത്ത്. 25ന് ഉച്ചക്ക് ശേഷം 2.30ന് സ്‌റ്റേഡിയത്തിന് മുന്നിലാണ് മഞ്ഞപ്പട മനുഷ്യമതില്‍ തീര്‍ക്കുന്നത്. സമൂഹമാധ്യമങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടം ഇതിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ നടക്കാനിരിക്കുന്ന പരമ്പയിലെ മത്സരം കൊച്ചിയില്‍ നടത്താന്‍ കെ സി എ തീരുമാനിച്ചത് മുതലാണ് വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്. അണ്ടര്‍ 17 ലോകകപ്പിനും ഐ എസ് എല്ലിനുമായി സ്ഥാപിച്ച ടര്‍ഫ് പൊളിക്കുകയാണെന്ന് ആരോപിച്ച് ഫുട്‌ബോള്‍ ആരാധകര്‍ രംഗത്ത് വരികയായിരുന്നു. മഞ്ഞപ്പട പ്രതിഷേധം ഏറ്റെടുത്തതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ ഇയാന്‍ ഹ്യൂമും സി കെ വിനീതുമെല്ലാം പിന്തുണയുമായെത്തി.

സച്ചിന്‍, സുനില്‍ ഛേത്രി തുടങ്ങിയവരും ഫുട്‌ബോള്‍ ടര്‍ഫ് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. പിന്നീട് കളി കെ സി എ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മഞ്ഞപ്പട പുതിയ നീക്കവുമായി രംഗത്ത് വരുന്നത്.