SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് എഫ്സി ​ഗോവയുടെ പുതിയ പരിശീലകനായി മനോലോ മാർക്വെസ് നിയമിതനാകുമെന്ന് റിപ്പോർട്ടുകൾ. ദ ബ്രിഡ്ജടക്കം വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ഐഎസ്എൽ ക്ലബ് തന്നെയായ ഹൈദരബാദിന്റെ ചുമതലക്കാരനാണ് ഈ സ്പാനിഷ് പരിശീലകൻ

മുൻ സൂപ്പർതാരം കൂടിയായ കാർലോസ് പെനയാണ് കഴിഞ്ഞ സീസണിൽ ​ഗോവയെ പരിശീലിപ്പിച്ചത്. എന്നാൽ പ്ലേ ഓഫ് കാണാതെ ​ഗോവ പുറത്തായി. ഇതോടെ പെന തുടരില്ല എന്നാണ് സൂചനകൾ. ഇതിനിടെയാണിപ്പോൾ മനോലോ ​ഗോവയുടെ ചുമതലയേൽക്കുമെന്ന വാർത്തകൾ. ബ്രിഡ്ജിന്റെ റിപ്പോർട്ട് അനുസരിച്ച്, ക്ലബ് ഒരു വർഷത്തെ കരാർ മനോലോയ്ക്ക് വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. സൂപ്പർ കപ്പ് കഴിയുന്നതോടെ മനോലോ ക്ലബ് ചുമതലയേറ്റെടുക്കുമെന്നുമാണ് സൂചന.

2020-ലാണ് മനോലോ ഹൈദരബാദിന്റെ ചുമതലയേറ്റത്. തുടർന്ന് കഴിഞ്ഞ രണ്ട് തവണയും ക്ലബിനെ ഐഎസ്എൽ പ്ലേ ഓഫിലെത്തിക്കാൻ അദ്ദേഹത്തിനായി. 2021-22 സീസണിൽ ഐഎസ്എൽ കിരീടവും അവർ നേടി. എന്നാൽ ഇക്കുറി സെമി ഫൈനലിൽ ക്ലബ് പുറത്തായതിന് പിന്നാലെ ഹൈദരബാദ് വിടുമെന്ന സൂചന മനോലോ നൽകിയിരുന്നു.