SHARE

ലോകകപ്പിലെ ദയനീയ പ്രകടനത്തോടെ തുടങ്ങിയ രൂക്ഷവിമർശനങ്ങളുടെ മുനയൊടിച്ച് ജർമൻ സൂപ്പർ ​ഗോളി മാനുവൽ ന്യൂയർ സ്വന്തമാക്കിയത് ചരിത്രനേട്ടം. ജർമനിക്കായി ഏറ്റവുമധികം ക്ലീൻ ഷീറ്റ് സ്വന്തമാക്കുന്ന ​ഗോളിയെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയാണ് ന്യൂയർ വിമർശകരുടെ വായടപ്പിച്ചത്.

ഇന്നലെ എസ്റ്റോണിയക്കെിതിരായ യൂറോ കപ്പ് യോ​ഗ്യതാ മത്സരത്തിൽ ​ഗോൾ വഴങ്ങാതിരുന്നതോടെയാണ് ന്യൂയർ ഈ നേട്ടം കൈവരിച്ചത്. എതിരില്ലാത്ത എട്ട് ​ഗോളുകൾക്ക് ജർമനി ജയിച്ച ഈ മത്സരം അന്താരാഷ്ട്ര മത്സരങ്ങളിൽ ന്യൂയറിന്റെ 37-ാം ക്ലീൻ ഷീറ്റായിരുന്നു. 1979-ൽ ഇതിഹാസ ​ഗോളി സെപ് മയർ സ്വന്തമാക്കിയ റെക്കോർഡാണ് ന്യൂയർ തിരുത്തിക്കുറിച്ചത്.

അതേസമയം ചരിത്രനേട്ടം സ്വന്തമാക്കിയ മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്താൻ ന്യൂയറിനായില്ല. ദുർബലമായ എസ്റ്റോണിയൻ നിര ജർമൻ പോസ്റ്റിലേക്ക് തൊടുത്തത് ആകെ നാല് ഷോട്ട് മാത്രമായിരുന്നു അതിൽ രണ്ടും ന്യൂയർ തടുത്തിടുകയും ചെയ്തു.