SHARE

വിവാദങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ ഡീ​ഗോ മറ‍ഡോണയ്ക്ക് സാധിക്കുന്നില്ല. സൂപ്പർ താരം ലയണൽ മെസിയെക്കുറിച്ചുള്ള വിവാ​ദ പരമാർശങ്ങളായിരുന്നു ഇത്രനാൾ ചർച്ച. എന്നാൽ പരിശീലിപ്പിക്കുന്ന ക്ലബിന്റെ തോൽവിക്ക് ശേഷമുള്ള മറഡോണയുടെ പ്രവർത്തിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്

മെക്സിക്കൻ രണ്ടാം ഡിവിഷൻ ക്ലബ് ഡോറാഡോസിനെയാണ് മറഡോണ പരിശീലിപ്പിക്കുന്നത്. ഒന്നാം ഡിവിഷനിലേക്കുള്ള സ്ഥാനക്കയറ്റത്തിനായി പ്ലേ ഓഫ് മത്സരത്തിൽ സാൻ ലൂയിസായിരുന്നു ഡോറഡസിന്റെ എതിരാളി. രണ്ട് പാദങ്ങളിലായി നടന്ന മത്സരത്തിൽ, ലീഡ് നേടിയിട്ടും ഡോറാഡോസ് തോറ്റത് മറഡോണയക്ക് സഹിക്കാനായില്ല. തുടർന്ന് സാൻ ലൂയിസ് ആരാധകരേയും മാധ്യമപ്രവർത്തകരേയും മറഡോണ തല്ലാനൊരുങ്ങി എന്നാണ് വാർത്തകൾ

ആദ്യ പാദ മത്സരത്തിനിടെ സാൻ ലൂയിസ് പരിശീലകനെ ഭീഷണിപ്പെടുത്തിയതോടെ, രണ്ടാം പാദ മത്സരത്തിൽ ​ഗാലറിയിലിരിക്കാനെ മറഡോണയ്ക്ക് സാധിച്ചുള്ളു. മത്സരത്തിനിടെ മറഡോണ ബിയർ കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് മത്സരത്തിലെ തോൽവിക്ക് ശേഷം പുറത്തേക്ക് നടന്ന മറഡോണയെ,സാൻ ലൂയിസ് ആരാധകർ ശരീരഭാരത്തെ കുറിച്ച് പരിഹസിച്ചു എന്നാണ് റിപ്പോർട്ട്. തുടർന്ന് മറഡോണ ഒരു ആരാധകന് നേരെ കൈയ്യുയർത്തി ഇടിക്കാനൊരുങ്ങി. അതേസമയം സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരേയും മറഡോണ ഇടിച്ചെന്ന് ആരോപണമുണ്ട്.

പരിശീലകനെന്ന നിലയിൽ തമ്മിൽ ഭേദപ്പെട്ട സീസണായിരുന്നു ഇക്കുറി ഡോറാഡോസിനൊപ്പമുള്ളത്. തരംതാഴ്ത്തിൽ വക്കിൽ കിടന്ന ക്ലബിന്റെ ചുമതല സെപ്റ്റംബറിലായിരുന്നു മറഡോണ ഏറ്റെടുത്തത്. തുടർന്ന് മികവ് പുലർത്തിയാണ് ടീം, ആദ്യ ഡിവഷനിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള പ്ലേ ഓഫ് യോ​ഗ്യത നേടിയത്. എന്നാൽ പ്ലേ ഓഫിൽ തോറ്റതോടെ ക്ലബ് രണ്ടാം ഡിവിഷനിൽ തന്നെ തുടരും