SHARE

ലോകകപ്പിൽ തുടക്കക്കാരായ ഐസ്ലൻഡിനെതിരെ അർജന്റീന സമനില വഴങ്ങിയത് ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ആദ്യ ലോകകപ്പിന‍റെ പകപ്പൊന്നുമില്ലാതെ, കിടയറ്റ പ്രതിരോധം നിരത്തിയ ഐസ്ലൻഡ് ടീമിനെ പ്രശംസിക്കുന്നുണ്ടെങ്കിലും, അർജന്റീനയ്ക്ക് വിജയിക്കാനാകെ പോയതാണ് ആരാധകരെ നിരാശരാക്കിയത്. മത്സരം കാണാനെത്തിയ ഇതിഹാസ താരം മറഡോണ, തന്റെ രോക്ഷം പരസ്യമായി പ്രകടിപ്പിച്ചു.

അർജന്റീന പരിശീലകൻ ജോർജ് സാംപോളിക് നേരെയാണ് മറഡോണയുടെ ചൂണ്ടുവിരൻ. ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ സാംപോളി, പുതിയ രാജ്യം കണ്ടെത്തേണ്ടിയിരിക്കുന്നു, കാരണം ഇങ്ങനെ തുടർന്നാൽ അ​ദ്ദേഹത്തിന് അർജന്റീനയിലേക്ക തിരിച്ചെത്താനാകില്ല, മറഡോണ പറഞ്ഞു. കളിക്കാരെ ഞാൻ കുറ്റപ്പെടുത്തുന്നില്ല, പരിശീലകന്റെ പദ്ധതികളാണ് എല്ലാത്തിനും കാരണം, തയ്യാറെടുപ്പ് നടത്തിയിട്ടില്ല, ഐസ്ലൻഡ് നടത്തിയ കഠിനാധ്വാനത്തിന്റെ പകുതി പോലും അർജന്റീന ചെയ്തില്ല, അതാണെന്നെ വേദനിപ്പിക്കുന്നത്, മറഡോണ പറഞ്ഞു.

ചിലിയുടെ മുൻ പരിശീലകനായിരുന്ന സാംപോളിക്ക് നേരെ, മുമ്പും മറഡോണ വിമർശനമുന്നയിച്ചിട്ടുണ്ട്. ഐസ്ലൻഡിനെതിരായ മത്സരത്തിൽ ലയണൽ മെസി പെനാൽറ്റി പാഴാക്കിയിരുന്നു. എന്നാൽ മെസിയെ പിന്തുണയ്ക്കാനും മറഡോണ ശ്രമിച്ചു. മെസി പെനാൽറ്റി പാഴാക്കിയതുകൊണ്ടല്ല, അർജന്റീന ജയിക്കാതിരുന്നതെന്ന്, ഒരു വെനസ്വേലൻ മാധ്യമത്തോട് ഇതിഹാസതാരം പറഞ്ഞു.