SHARE

പതിനേഴ് വയസ് മാത്രം പ്രായമുള്ളപ്പോൾ ഒരു അർജന്റൈൻ ചാനലിനോട് ഡീ​ഗോ മറഡോണ ഇങ്ങനെ പറഞ്ഞു, എനിക്ക് രണ്ട് സ്വപ്നങ്ങളാണുള്ളത്, ഒന്ന് ലോകകപ്പ് കളിക്കുക, മറ്റൊന്ന് ലോകകപ്പ് നേടുക. പിൽക്കാല ചരിത്രം പരിശോധിക്കുമ്പോൾ സീനിയർ ഫുട്ബോളിൽ അരങ്ങേറി വെറും ആറ് വർഷത്തിനുള്ളിൽ ആദ്യത്തേതും, പത്ത് വർഷത്തിനുള്ള രണ്ടാമത്തേയും സ്വപ്നം മറഡോണ യാഥാർഥ്യമാക്കിയതായി കാണം.

നേട്ടങ്ങളുടെ പട്ടികയെടുത്താൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരം എന്ന് തന്നെ വേണമെങ്കിൽ മറഡോണയെ വിശേഷിപ്പിക്കാം. അതിൽ തർക്കങ്ങളുണ്ടെങ്കിലും. പക്ഷെ മറഡോണ എന്ന പേര് അടയാളപ്പെടുത്തിയിരിക്കുന്നത് നേട്ടങ്ങളിൽ മാത്രമല്ലല്ലോ. കളിജീവിതത്തിൽ വിജയക്കുതിപ്പകൾ നടത്തുമ്പോഴും വ്യക്തിജീവിതത്തിന്റെ വിവാദങ്ങളുടെ കരിനിഴലിൽ നിന്ന് പുറത്തുകടക്കാൻ മറഡോണയ്ക്കായിട്ടില്ല.

1976-ൽ നാട്ടിലെ അർജെന്റീനോ ജൂനിയേഴ്സ് എന്ന ക്ലബിലൂടെയാണ മറഡോണ പ്രഫഷനൽ ഫുട്ബോളിൽ അരങ്ങേറിയത്. തൊട്ടടുത്ത വർഷം വിഖ്യാതമായി അർജന്റൈൻ ജേഴ്സിയിലും മറഡോണ ആദ്യമായി പന്തുതട്ടി. അപ്പോഴേക്കും ശ്രദ്ധേയനായിക്കഴിഞ്ഞ മറഡോണയെ എന്നാൽ പ്രായക്കുറവ് ചൂണ്ടിക്കാട്ടി, 1978-ൽ നാട്ടിൽ തന്നെ നടന്ന ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കി.

നാല് വർഷങ്ങൾക്ക് ശേഷം സ്പെയിനിൽ നടന്ന ലോകകപ്പിൽ മറഡോണ അർജന്റീനയ്ക്കായി കളിച്ചു. അപ്പോഴേക്കും അന്നത്തെ ലോകറെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് മറഡോണ സ്പാനിഷ് ക്ലബ് ബാഴ്സലോണയിലെത്താൻ തയ്യാറെടുത്തിരുന്നു. എന്നാൽ മറഡോണയുടെ പ്രകടനം കാണാൻ കാത്തിരുന്ന സ്പെയിനിലെ ആരാധകർക്കും നിരാശയായിരുന്നു ഫലം. ലോകകപ്പിന്റെ രണ്ടാം റൗണ്ടിൽ തന്നെ അർജന്റീന പുറത്ത്.

തുടർന്നാണ് മറഡോണയുടേയും ലോകഫുട്ബോളിന്റേയും ചരിത്രം മാറ്റിയെഴുതിയ 1986-ലെ മെക്സിക്കോ ലോകകപ്പ്. ക്യാപ്റ്റനായി ഇറങ്ങിയ മറഡോണയുടെ മികവിൽ അർജന്റീന രണ്ടാം ലോകകിരീടം നേടി. ടൂർണമെന്റിന്റെ ക്വാർട്ടറിൽ ഇം​ഗ്ലണ്ടിനെതിരായ മറഡോണയുടെ പ്രകടനം ഒരുപോലും പ്രശംസനീയവും വിവാദവുമാണ്. മത്സരത്തിൽ മറഡോണ നേടിയ ആദ്യ ​ഗോൾ കൈയ്യുപയോ​ഗിച്ചായിരുന്നു, അത് റെഫറി കണ്ടിരുന്നില്ല. പിന്നീട് ഈ ​ഗോളിനെ ദൈവത്തിന്റെ കൈ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.

ഈ വിവാദ ​ഗോൾ നേടി നാല് മിനിറ്റിനകം എല്ലാ ചീത്തപേരുകളും മറയ്ക്കുന്ന മറ്റൊരു സൂപ്പർ​ഗോളും മറഡോണ നേടി. മൈതാനമധ്യത്ത് നിന്ന് പന്തുമായി കുതിച്ച മറഡോണ അഞ്ച് ഇം​ഗ്ലീഷ് താരങ്ങളെ മറികടന്ന്, ഒടുവിൽ ഇം​ഗ്ലീഷ് ​ഗോളി പീറ്റർ ഷിൽട്ടനേയും കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഈ ​ഗോൾ പിന്നീട് നൂറ്റാണ്ടിന്റെ ​ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്.

1990 ലോകകപ്പിലും മറഡോണ തന്നെയാണ് അർജന്റീനയ നയിച്ചത്. അക്കുറി ടീമിലെ ഫൈനൽ വരെയെത്തിക്കാനും മറഡോണയ്ക്കായി. 1994 ലോകകപ്പിലും മറഡോണ അർജന്റീനയ്ക്കായി കളിച്ചു. ഈ ലോകകപ്പിലെ നൈജീരിയക്കെതിരായ ​ഗ്രൂപ്പ് മത്സരശേഷമാണ് മറഡോണ ലഹരിമരുന്ന് പരിശോധനയിൽ പരാജയപ്പെടുകയും, നാട്ടിലേക്ക് മടങ്ങുകയും ചെയ്തത്. ഇതോടെ ഏതാണ്ട് ഒന്നരവർഷത്തോളം വിലക്ക് നേരിടുകയും ചെയ്തു മറഡോണ.

ലഹരിമരുന്ന് ഉപയോ​ഗമാണ് മറഡോണയെ വിവാദങ്ങളിൽ നിറച്ചത്. ബാഴ്സലോണയിൽ കളിക്കുന്ന കാലത്താണ് ഇത് തുടങ്ങിയതെന്നാണ് സൂചന. നാപ്പോളിയിൽ കളിക്കുന്ന കാലത്ത് ഇത് വളരെ കൂടുതലായിരുന്നു. നേപ്പിൾ കേന്ദ്രീകരിച്ചുള്ള ചില ക്രിമിനൽ സംഘങ്ങൾ താരത്തിന് മുടക്കമില്ലാതെ ലഹരിമരുന്ന് എത്തിച്ചിരുന്നതായി ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്ന് ഒരുപാട് ആരോ​ഗ്യപ്രശ്നങ്ങളും മറഡോണയ്ക്കുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ രണ്ടാഴ്ച മുമ്പ് ഹെർണിയക്ക് ശസ്ത്രക്രിയക്ക് വിധേയനാകുകയും ചെയ്തിരുന്നു മറഡോണ.

അർജന്റീന ദേശീയ ടീം പരിശീലകസ്ഥാനമാണ് മറഡോണയുടെ വിവാദമായ മറ്റൊന്ന്. 2010 ലോകകപ്പിൽ മറഡോണയുടെ കീഴിലാണ് അർജന്റീന ഇറങ്ങിയത്. മറഡോണയുടെ കീഴിൽ തപ്പിത്തടഞ്ഞാണ് ടീം ലോകകപ്പിനെത്തിയത്. ഇതിനിടെയിൽ മാധ്യമങ്ങളോട് സഭ്യമല്ലാതെ സംസാരിച്ചതിനടക്കം മറഡോണയ്ക്ക് വിലക്കും നേരിട്ടു. ഒടുവിൽ ലോകകപ്പിൽ തട്ടീം മുട്ടീം ക്വാർട്ടർ വരെയെത്തിയ അർജന്റീന അവിടെ ജർമനിയോട് കൂറ്റൻ തോൽവി നേരിട്ടു. വൈകാതെ ടീം പരിശീലകസ്ഥാനത്ത് നിന്ന് മറഡോണ പുറത്തായി.

സൂപ്പർതാരം ലയണൽ മെസിയെക്കുറിച്ചും മുൻ അർജന്റൈൻ പരിശലകൻ ജോർജെ സാംപോളിയെക്കുറിച്ചും നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചാണ് അടുത്തിടെ മറഡോണ വാർത്തകളിൽ നിറഞ്ഞത്. റഷ്യൻ ലോകകപ്പിൽ അർജന്റീന നോക്കൗട്ടിലേക്ക് യോ​ഗ്യത നേടിയശേഷം മറഡോണ നടത്തിയ പ്രകടനങ്ങളും ആ​ഗോളചർച്ചയായി.