SHARE

അടുത്ത ഡിസംബർ 14 മുതൽ 17 വരെ യു എ ഇയിൽ നടക്കുന്ന ടി 10 ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന മറാത്ത അറേബ്യൻസ് ടീമിന്റെ ജേഴ്സി നായകനും, മുൻ ഇന്ത്യൻ താരവുമായ വീരേന്ദർ സേവാഗ് പ്രകാശനം ചെയ്തു. മുംബൈയിൽ ഇന്ന് നടന്ന ജേഴ്സി പ്രകാശന ചടങ്ങിൽ ബോളിവുഡ് താരം സൊഹൈൽ ഖാനും പങ്കെടുത്തു.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ടി10 ക്രിക്കറ്റ് ലീഗിൽ മറാത്ത അറേബ്യൻസ് ഉൾപ്പെടെ ആറു ടീമുകളാണ് പങ്കെടുക്കുന്നത്. 90 മിനുറ്റിൽ അവസാനിക്കുന്ന 10 ഓവർ മത്സരങ്ങളാകും ടി10 ക്രിക്കറ്റ് ലീഗിൽ ഉണ്ടാവുക. ക്രിക്കറ്റിനെ ഒരു മിഠായി രൂപത്തിലാക്കി മാറ്റുകയാണ് ഈ പത്ത് ഓവർ മത്സരങ്ങളുടെ ലക്ഷ്യം.

വിരമിച്ചതും നിലവിൽ വിവിധ ടീമുകളിൽ കളിച്ചു കൊണ്ടിരിക്കുന്നതുമായ നിരവധി പ്രശസ്ത താരങ്ങളാണ് ആദ്യ ടി10 ക്രിക്കറ്റ് ലീഗിന്റെ ഭാഗമാവുക. പാകിസ്ഥാൻ താരങ്ങളായ ഷഹീദ് അഫ്രീദി, മൊഹമ്മദ് ആമിർ, മിസ്ബാ ഉൾഹഖ്, ശ്രീലങ്കയുടെ കുമാർ സംഗക്കാര, ദിനേശ് ചണ്ടിമാൽ, ലാഹിരു തിരിമാനേ, ഇംഗ്ലണ്ടിന്റെ അലക്സ് ഹെയിൽസ് തുടങ്ങിയവരെല്ലാം അടുത്ത മാസം നടക്കുന്ന ലീഗിന് കൊഴുപ്പ് കൂട്ടും