SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് കണ്ട ഏറ്റവും മികച്ച വിദേശതാരങ്ങളിലൊരാളാണ് മാഴ്സെലീന്യോ. ബ്രസീലിയൻ ഫോർവേഡിയാ ഈ താരം പൂനെ സിറ്റി, ഡെൽഹി ഡൈനാമോസ്, ഹൈദരബാദ് എഫ്സി, ഒഡിഷ എഫ്സി തുടങ്ങിയ ക്ലബുകൾക്കായി ഐഎസ്എല്ലിൽ കളിച്ചിട്ടുണ്ട്.

അടുത്തിടെ കളിക്കളത്തോട് വിടപറഞ്ഞ മാഴ്സെലീന്യോ ഐഎസ്എല്ലിലെ ഫാൻഫേവറിറ്റായിരുന്നു. പ്രത്യേകിച്ച് മലയാളി ആരാധകർക്കിടയിൽ. ഒരിക്കൽ പോലും കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടില്ലാത്ത, എന്നാൽ എതിരെ കളിച്ചപ്പോഴൊക്കെ മികച്ച പ്രകടനം നടത്തിയ മാഴ്സെലീന്യോയെ മലയാളി ആരാധകർക്ക് നെഞ്ചിലേറ്റി. പലവട്ടം മാഴ്സെലീന്യോയുടെ പേര് ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പട്ട് ഉയർന്നുകേട്ടിരുന്നു. എന്നാൽ ഒരിക്കലും ആ സ്വപ്നനീക്കം യാഥാർഥ്യമായില്ല. എന്നാൽ ബ്ലാസ്റ്റേഴ്സ് പലപ്പോഴും തന്നെ ബന്ധപ്പെട്ടിരുന്നതായി മാഴ്സെലീന്യോ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഡോണിക്സ് ക്ലാഷ് എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നടന്ന ലൈവ് ചാറ്റിലാണ് മാഴ്സെലീന്യോ ഇക്കാര്യം പറഞ്ഞത്.

ഡെൽഹി ഡൈനാമോസിലേയും പൂനെ സിറ്റിയിലേയും എന്റെ കരാർ അവസാനിച്ചശേഷം ബ്ലാസ്റ്റേഴ്സ് ബന്ധപ്പെട്ടിരുന്നു, എന്നാൽ ഔദ്യോ​ഗികമായ ഓഫറൊന്നും ലഭിച്ചില്ല, ഞാൻ അതിനായി കാത്തിരുന്നെങ്കിലും ഓഫർ വന്നില്ല, പിന്നീട് ഞാൻ ഒഡിഷയ്ക്കായി കളിക്കുമ്പോഴും ചില നീക്കങ്ങൾ നടന്നു, എന്നാൽ അന്നും ഒന്നും യാഥാർഥ്യമായില്ല, ഇതിനിടയിൽ ബ്ലാസ്റ്റേഴ്സ് നേതൃതലത്തിൽ മാറ്റമുണ്ടായി, പുതിയതായി എത്തിയവർക്ക് എന്നെ ആവശ്യമുണ്ടായിരുന്നു എന്ന് തോന്നുന്നില്ല, മാഴ്സെലീന്യോ പറഞ്ഞു.