SHARE

കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടില്ലെങ്കിലും മലയാളി ആരാധകർക്കിടയിൽ എന്നും ഫാൻ ഫേവറിറ്റാണ് മാഴ്സെലീന്യോ. ബ്രസീലിയൻ മുന്നേറ്റതാരമായ മാഴ്സെലീന്യോ അടുത്തിടെ കളിക്കളത്തോട് വിടപറഞ്ഞിരുന്നു. എപ്പോഴും കേരളത്തോടും മലയാളി ആരാധകരോടും സ്നേഹം പ്രകടിപ്പിച്ചിട്ടുള്ള മാഴ്സെലീന്യോ കഴിഞ്ഞ ദിവസം ഒരു ഇൻസ്റ്റ​ഗ്രാം ചാറ്റിൽ ഇതേക്കുറിച്ച് കൂടുതൽ വിശദീകരിച്ചു.

സമൂഹമാധ്യമങ്ങളിലെ എന്റെ ഫോളോവേഴ്സിൽ കേരളത്തിൽ നിന്ന് ധാരളാം പേരുണ്ട്, അവർ എനിക്ക് മെസേജുകൾ അയക്കാറുണ്ട്, ഞാനും കേരളവും തമ്മിൽ വളരെ പ്രത്യേകതയുള്ള ഒരു ബന്ധവും അടുപ്പവുമുണ്ട്, നിർഭാ​ഗ്യവശാൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ എനിക്ക് സാധിച്ചിട്ടില്ല, എന്നാൽ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുമ്പോഴും മികച്ച പിന്തുണയാണ് മലയാളി ആരാധകർ നൽകിയത്, അങ്ങനെയൊരു കാര്യം ഫുട്ബോളിൽ അത്ര പതിവുള്ളതല്ല, എനിക്കിപ്പോഴുമറിയില്ല മലയാളികൾക്ക് എന്നോടുള്ള സ്നേഹത്തിന് കാരണം, മാഴ്സെലീന്യോ പറഞ്ഞു.

കേരളത്തിൽ നിന്നുള്ള ആളുകളുടെ പിന്തുണ ഞാൻ ഇഷ്ടപ്പെടുന്നു, അതെനിക്ക് അനുഭവിച്ചറിയാനും കഴിയുന്നുണ്ട്, അനസ്( അനസ് എടത്തൊടിക), ആഷിഖ്(ആഷിഖ് കുരൂണിയൻ) തുടങ്ങിയവർ കേരളത്തിൽ നിന്ന് എനിക്ക് സുഹൃത്തുക്കളായുണ്ട്, കേരളത്തിലെ ഫുട്ബോളിനോടുള്ള അഭിനിവേശത്തെക്കുറിച്ച് ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു, കേരളത്തിലെ സെവൻസ് ടൂർണമെന്റ് നേരിൽ കാണണമെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു, മാഴ്സെലീന്യോ കൂട്ടിച്ചേർത്തു.