SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ മാഴ്സെലീന്യോ ചെറിയൊരിടവേളയ്ക്ക് ശേഷം ലീ​ഗിൽ തിരിച്ചെത്തുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഭാ​ഗമായാണ് ഈ ബ്രസീൽ താരം ഐഎസ്എല്ലിൽ തിരിച്ചെത്തുന്നത്. നോർത്ത് ഈസ്റ്റ് ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

കഴിഞ്ഞ ഐഎസ്എല്ലിന് ശേഷം ഇന്ത്യ വിട്ട മാഴ്സെലീന്യോയെ ഈ സീസണിലേക്ക് ആദ്യം ആരും ഒപ്പം കൂട്ടിയില്ല. എന്നാൽ ഇതിനിടെ ഐ-ലീ​ഗിൽ പുതുമുഖങ്ങളായ രാജസ്ഥാൻ യുണൈറ്റഡിന്റെ ഓഫർ സ്വീകരിച്ച് താരം ഇന്ത്യയിലേക്ക് വന്നു. പക്ഷെ മാഴ്സെലീന്യോ രാജസ്ഥാനായി ആദ്യ മത്സരം കളിക്കുന്നതിന് മുമ്പ് തന്നെ കോവിഡ് കാരണം ഐ-ലീ​ഗ് തൽക്കാലത്തേക്ക് നിർത്തിവച്ചു. ഈ സാഹചര്യത്തിലാണ് മാഴ്സെലീന്യോ രാജസ്ഥാനിൽ നിന്ന് ഹ്രസ്വകാല ലോൺ കരാറിൽ നോർത്ത് ഈസ്റ്റിന്റെ ഭാ​ഗമാകുന്നത്.

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ മാഴ്സെലീന്യോയുടെ ആറാം ക്ലബാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഡെൽഹി ഡൈനാമോസിലൂടെ ഐഎസ്എൽ മൂന്നാം സീസണിലാണ് മാഴ്സെലീന്യോ ആദ്യമായി ഇന്ത്യയിലെത്തുന്നത്. പിന്നീട് പൂനെ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി, ഒഡിഷ എഫ്സി, എടികെ മോഹൻ ബ​ഗാൻ എന്നിവർക്കായും മാഴ്സെലീന്യോ പന്ത് തട്ടി.