SHARE

സ്പാനിഷ് ലാലിഗയില്‍ മോശം പ്രകടനം തുടരുന്ന റയല്‍ മാഡ്രിഡിന്റെ അവസ്ഥ അത്ര സുഖകരമല്ലെന്ന് മാഴ്‌സെലോ. വിയ്യാറയലിനോടേറ്റ അപ്രതീക്ഷിത തോല്‍വിക്കു പിന്നാലെയാണ് മാഴ്‌സെലോ രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ മുങ്ങുന്ന കപ്പലിലെ അവസ്ഥയിലാണ്. ദേഷ്യവും വിഷമവും തോന്നുന്നു. റയലുമൊത്തുള്ള തന്റെ 11 വര്‍ഷത്തെ കരിയറില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു അവസ്ഥയെന്നും ബ്രസീലിയന്‍ താരം പറയുന്നു.

നല്ല ഫുട്‌ബോള്‍ കളിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും പന്ത് എത്തിക്കാനാവുന്നുണ്ട്. എന്നാല്‍ ഗോള്‍ മാത്രം സംഭവിക്കുന്നില്ല. നിരാശരും രോഷാകുലരുമാണ്. തങ്ങള്‍ മുങ്ങിക്കൊണ്ടിരിക്കുന്നതായാണ് അനുഭവപ്പെടുന്നതെന്നും റയല്‍ പ്രതിരോധ താരം പറഞ്ഞു. അതേസമയം ടീമിന്റെ മോശം പ്രകടനത്തിനെതിരേ ആരാധകരുടെ പ്രതിഷേധവും ശക്തമാണ്. കോച്ച് സിനദീന്‍ സിദാനെതിരേ ആണ് എല്ലാവരുടെയും രോക്ഷം. കോച്ച് രാജിവയ്ക്കണമെന്ന പ്ലക്കാര്‍ഡുകള്‍ റയല്‍-വിയ്യറയല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ലാലിഗയില്‍ 19 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലെത്തി. 51 പോയിന്റാണ് ബാഴ്‌സയുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ (42 പോയിന്റ്) ഒന്‍പത് പോയിന്റ് കൂടുതല്‍. വലന്‍സിയയ്ക്ക് പിന്നില്‍ നാലാംസ്ഥാനത്ത് ഉള്ള റയല്‍ മാഡ്രിഡിന് 32 പോയിന്റ് മാത്രം. ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിച്ചാലും ബാഴ്‌സയെ മറികടക്കുക അസാധ്യമാണ്. റയലിന്റെ കിരീട പ്രതീക്ഷകളും ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്.