SHARE

റയല്‍ മാഡ്രിഡില്‍ നിന്ന് പടിയിറങ്ങുകയാണെന്ന് നേരത്തെ തന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നോടു പറഞ്ഞിരുന്നതായി മാഴ്‌സെലോ. റോണോ ഇക്കാര്യം ആദ്യം പറഞ്ഞപ്പോള്‍ വല്ലാത്ത ഷോക്കായി പോയെന്നും ആ നിമിഷം ഒരിക്കലും മറക്കില്ലെന്നും ഒരു ബ്രസീലിയന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ മാഴ്‌സെലോ വ്യക്തമാക്കി. റയലിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു റോണോയും മാഴ്‌സെലോയും.

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുമ്പുള്ള പരിശീലന സെഷനിടെയാണ് റോണോ ഇക്കാര്യം പറയുന്നത്. എല്ലാവരും ഫൈനലിനുവേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു. ഞാനും അതേ ആവേശത്തിലായിരുന്നു. ഒരുദിവസം പരിശീലനത്തിനിടെ താന്‍ ഈ സീസണോടെ ക്ലബ് വിടുമെന്ന് അദേഹം പറഞ്ഞു. ആ സമയത്ത് അത്തരത്തിലൊരു തുറന്നുപറച്ചില്‍ എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു- ബ്രസീലിയന്‍ താരം വ്യക്തമാക്കുന്നു.

ഈ സീസണ്‍ അവസാനിക്കുന്നതോടെ താനും റയല്‍ വിട്ടേക്കുമെന്ന സൂചനയും മാഴ്‌സെലോ അഭിമുഖത്തില്‍ നല്കി. കൂടുതല്‍ തുകയ്ക്കുള്ള കരാര്‍ ലഭിച്ചില്ലെങ്കില്‍ ക്ലബ് വിടുമെന്ന് സൂചിപ്പിച്ച മാഴ്‌സെലോ എങ്ങോട്ടാകും പോകുകയെന്ന കാര്യം വ്യക്തമാക്കിയില്ല. താരത്തെ സ്വന്തമാക്കാന്‍ യുവന്റസ് ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. റോണോയുടെ സാന്നിധ്യം തന്നെയാണ് മാഴ്‌സെലോയെ ഇറ്റലിയിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്.