SHARE

സൂപ്പർ താരം മാഴ്സലോ ഈ സീസണവസാനത്തോടെ റയൽ മഡ്രിഡ് വിട്ടേക്കും. ഈ സീസൺ തുടക്കത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് പോയപ്പോൾ മുതൽ മാഴ്സലോയുടെ കാര്യവും സംശയത്തിലായിരുന്നു. ഇപ്പോൾ ക്ലബ് വിടാനുള്ള ആ​ഗ്രഹം മാഴ്സലോ റയലിനെ അറിയിച്ചെന്നും റയൽ താരത്തിനായി വില നിശ്ചയിച്ചെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

അടുത്ത കൂട്ടുകാരനായ റൊണാൾഡോ റയൽ വിട്ടത് മാഴ്സലോയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. അന്ന് മുതൽ തന്നെ യുവന്റസിലേക്ക് പോകാൻ മാഴ്സലോ താൽപര്യപ്പെടുന്നതായി വാർത്തകളുണ്ടായിരുന്നു. അതിനൊപ്പം റയൽ മഡ്രിഡിൽ മാഴ്സലോയുടെ അവസരങ്ങൾ കുറയുകയും ചെയ്തു. ഇപ്പോൾ യുവതാരം സെർജി ലെ​ഗ്വിയനെയാണ് പരിശീലകൻ സാന്റിയാ​ഗോ സോളാരി ആദ്യഇലവനിൽ ഇറക്കുന്നത്. ഇതോടെ പകരക്കാരുടെ ബെഞ്ചിലേക്ക് മാഴ്സലോ ഒതുക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ക്ലബ് വിടാനുള്ള ആ​ഗ്രഹം മാഴ്സലോ അറിയിച്ചത്.

സീസണവസാനത്തോടെ മഡ്രിഡ് വിടണമെന്നാണ് മാഴ്സലോയുടെ ആ​ഗ്രഹം. ഇറ്റാലിയൻ ക്ലബായ യുവന്റസ് മാഴ്സലോയെ ടീമിലെത്തിക്കാൻ തയ്യാറാണെന്നാണ് വാർത്തകൾ. എന്നാൽ മാഴ്സലോയ്ക്കായി റയൽ മഡ്രിഡ് നിശ്ചയിച്ച വില 70 ദശലക്ഷം യൂറോയാണ്. ഇത് നൽകാൻ യുവന്റസ് തയ്യാറാകുന്നതിനൊപ്പം നിലവിൽ ടീമിലുള്ള അലക്സ് സാൻഡ്രോയുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കുകയും ചെയ്യണം