SHARE

ഒഡിഷ എഫ്സിക്കെതിരായ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ലൈനപ്പ് കണ്ട ആരാധകരുടെ ഉള്ള് ആദ്യമൊന്നാളി. കാരണം പരുക്കേറ്റ ക്യാപ്റ്റൻ ജെസ്സൽ കാർനെയ്റോയ്ക്ക് പുറമെ പ്രതിരോധനിരയിലെ വിശ്വസ്തൻ മാർക്കോ ലെസ്കോവിച്ചും സ്ക്വാഡിലുണ്ടായിരുന്നില്ല. മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന ലെസ്കോ കളിക്കാതിരുന്നതിന് കാരണം തേടുകയായിരുന്നു ആരാധകർ.

ഭക്ഷ്യവിഷബാധയെത്തുടർന്നാണ് ഒഡിഷയ്ക്കെതിരായ മത്സരത്തിൽ നിന്ന് ലെസ്കോവിച്ച് വിട്ടുനിന്നതെന്നാണ് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്യുന്നത്. എന്നാൽ ഹൈദരാബാദിനെതിരായ മത്സരത്തിടെ എതിർതാരവുമായുള്ള ഡ്യുവലിനിടെയുണ്ടായ ബുദ്ധിമുട്ടിനെത്തുടർന്ന് ലെസ്കോവിച്ച് കഠിനമായ വേദന അുനഭവിച്ചിരുന്നുവെന്നും അതിനിലാണ് താരത്തെ സ്ക്വാഡിലുൾപ്പെടുത്താതിരുന്നതെന്നുമാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ക്ലബിന്റെ മിഡിയ ടീമിനോട് പറഞ്ഞത്.

അതേസമയം തന്നെ ഒരു മുൻകരുതലെന്ന നിലയിലാണ് ലെസ്കോവിച്ചിനെ ഒഴിവാക്കിയതെന്ന് ഇവാൻ വ്യക്തമാക്കുന്നുണ്ട്. ഇതോടെ മുംബൈ സിറ്റിക്കെതിരായി ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ലെസ്കോവിച്ച് കളിക്കുമെന്നാണ് സൂചനകൾ. ഇപ്പോൾ ലെസ്കോവിച്ചിന് ഒരു പ്രശ്നവുമില്ലെന്ന് മാർക്കസും ട്വീറ്റ് ചെയ്തിട്ടുണ്ട്.