SHARE

മിന്നും പ്രകടനത്തോടെ ഗോകുലം കേരള എഫ് സിയെ ഡ്യൂറണ്ട് കപ്പ് കിരീടത്തിലേക്ക് നയിച്ച നായകൻ മാർക്കസ് ജോസഫ് തന്റെ നാടായ ട്രിനാഡാഡ് ആൻഡ് ടൊബാഗോയിലേക്ക് മടങ്ങി. 2019-20 ലെ കോൺകകാഫ് നേഷൻസ് ലീഗിന്റെ ക്വാളിഫയിംഗ് റൗണ്ട് കളിക്കുന്ന ട്രിനിഡാഡ് ആൻഡ് ടൊബാഗോ ടീമിന്റെ ഭാഗമാകാനാണ് താരം ഇന്ത്യയിൽ നിന്ന് പറന്നത്. ഈ മാസം പതിനഞ്ചാം തീയതിയോടെ താരം ടീമിനൊപ്പം തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.

കോൺകകാഫ് നേഷൻസ് ലീഗിന്റെ ക്വാളിഫയിംഗ് റൗണ്ടിൽ ഗ്രൂപ്പ് സി യിലാണ് മാർക്കസ് ജോസഫിന്റെ ട്രിനിഡാഡ് ആൻഡ് ടൊബാഗോ കളിക്കുന്നത്. സെപ്റ്റംബർ 6, 9 തീയതികളിലാണ് അവരുടെ അടുത്ത മത്സരങ്ങൾ. ഗോകുലത്തിന് വേണ്ടി മിന്നും പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുന്ന മാർക്കസ് ജോസഫിന്റെ പ്രകടനം ട്രിനിഡാഡിന്റേയും കരുത്ത് വർധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ സീസണിലായിരുന്നു മാർക്കസ് ജോസഫ് ഗോകുലം കേരളയിലെത്തിയത്. ടീം നിരാശപ്പെടുത്തിയ സീസണിലും 9 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ നേടി താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇത്തവണ സീസൺ ആരംഭിച്ചപ്പോൾ ടീമിന്റെ നായകനാകാനുള്ള ദൗത്യം മാർക്കസിനെത്തേടിയെത്തി.

ഡ്യൂറണ്ട് കപ്പായിരുന്നു നായക വേഷത്തിൽ അദ്ദേഹത്തിന്റെ ആദ്യ വെല്ലുവിളി. ഡ്യൂറണ്ട് കപ്പിൽ ഗോകുലത്തെ കിരീടത്തിലേക്ക് നയിച്ച് നായക വേഷവും തനിക്ക് ഇണങ്ങുമെന്ന് മാർക്കസ് ജോസഫ് തെളിയിച്ചു. ഡ്യൂറണ്ട് കപ്പിൽ 11 ഗോളുകൾ നേടിയ മാർക്കസ് ജോസഫിനെത്തേടി ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് അവാർഡും ഗോൾഡൻ ബോൾ അവാർഡും തേടിയെത്തി.