SHARE

റയൽ മഡ്രിഡിലേക്ക് തിരിച്ചെത്താനായത് തന്നെ മരിയാനോ ഡയസ് എന്ന സ്ട്രൈക്കറുടെ കരിയറിൽ നിർണായകമായി. എന്നാൽ പഴയ ടീമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ മറ്റൊരു ഉത്തരവാദിത്വവും മരിയാനോയ്ക്ക് സാന്റിയാ​ഗോ ബെർണബ്യൂ കരുതിവെച്ചിരുന്നു. ജേഴ്സിയിലാണ് ആ ഭാരിച്ച ചുമതല ഒളിഞ്ഞിരിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് പോയപ്പോൾ ബാക്കിയാക്കി വെച്ച ഏഴാം നമ്പർ ജേഴ്സി ഇനി അണിയാൻ അവസരം ലഭിക്കുക മരിയാനോയ്ക്കായിരിക്കും. റൊണാൾഡോ പോയതോടെ ഏഴാം നമ്പർ ഏറ്റെടുക്കാൻ പല താരങ്ങൾക്കും അവസരം ലഭിച്ചിരുന്നു. എന്നാൽ റൊണാൾഡോയോടുള്ള ആദരവ് മാനിച്ച് അവരാരും അത് ഏറ്റെടുക്കാൻ തയ്യാറായില്ല. ഈ സാഹചര്യത്തിൽ മരിയാനോ തന്നെ ഏഴാം നമ്പർ ചോദിച്ചുവാങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ

-Advertisement-

ക്ലബിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം നേട്ടം കൊയ്ത കളിക്കാരന്റെ പിന്തുടർച്ചയാകുക എന്ന വലിയ ജോലിയാണ് മരിയാനോയെ കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ എട്ട് ദശലക്ഷം യൂറോയ്ക്ക് ഫ്രഞ്ച് ക്ലബ് ലിയോണിലേക്ക് പോയ മരിയാനോയെ,തിരിച്ചുവാങ്ങാൻ റയൽ മുടക്കിയത് 30 ദശലക്ഷം യൂറോയാണ്.

ലിയോണിൽ ഇതുവരെ 48 മത്സരങ്ങളിൽ നിന്ന് 21 ​ഗോളുകൾ മരിയാനോ നേടി. ഫ്രാൻസിൽ നടത്തിയ പ്രകടനം മരിയാനോ റയലിൽ ആവർത്തിച്ചാൽ റൊണാൾഡോ പോയതിന്റെ കുറവ് ഒരു പരിധി വരെ റയലിന് നികത്തനാകും. സ്പെയിനിൽ ജനിച്ചെങ്കിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിനായാണ് മരിയാനോ കളിക്കുന്നത്.