SHARE

ജർമനിയുടെ സൂപ്പർതാരങ്ങളിലൊരളായ മരിയോ ​ഗോട്ട്സെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബുന്ദസ്‌ലി​ഗയിൽ തിരിച്ചെത്തുന്നു. ജർമനിയിലെ സൂപ്പർക്ലബായ എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ടാണ് ​ഗോട്ട്‌സെയുടെ അടുത്ത തട്ടകം. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനമെത്തി.

30-കാരനായ ​ഗോട്ട്സെ അറ്റാക്കിങ് മിഡ്ഫീൽഡറായും ഫോർവേഡായും കളിക്കുന്ന താരമാണ്. കഴിഞ്ഞ രണ്ട് സീസണുകളായി ഡച്ച് ലീ​ഗിൽ സൂപ്പർക്ലബ് പിഎസ്‌വി ഏന്തോവന് വേണ്ടിയാണ് ​ഗോട്ട്സെ കളിച്ചിരുന്നത്. എന്നാൽ ഇക്കുറി താരം ക്ലബ് വിടുകയായിരുന്നു. നാല് ദശലക്ഷം യൂറോ എന്ന ട്രാൻസ്ഫർ തുകയ്ക്കാണ് ഫ്രാങ്ക്ഫർട്ട് ​ഗോട്ട്സെയെ ഒപ്പം കൂട്ടിയത്. പോർച്ചു​ഗീസ് ക്ലബ് ബെൻഫിക്ക, അമേരിക്കൻ ക്ലബ് ഇന്റർ മയാമി എന്നവരും ​ഗോട്ട്സെയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു.

2014 ലോകകപ്പിന്റെ ഫൈനലിൽ ജർമനിക്കായി വിജയ​ഗോൾ നേടിയാണ് ​ഗോട്ട്സെ ലോകശ്രദ്ധേയനായത്. 2017-ലാണ് താരം ഒടുവിൽ ജർമനിക്കായി കളിച്ചത്. ബൊറൂസിയ ഡോർട്ട്മുണ്ട്, ബയേൺ മ്യൂണിച്ച് എന്നീ ബുന്ദസ്‌ലി​ഗ വമ്പന്മാർക്കായും ​ഗോട്ട്സെ കളിച്ചിട്ടുണ്ട്.