SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന സതാംപ്ടനെ രക്ഷിക്കാൻ മാഞ്ചസ്റ്റർ സിറ്റി മുൻ പരിശീലകൻ മാർക്ക് ഹ്യൂസ് എത്തുന്നു. ലീ​ഗിൽ എട്ട് മത്സരങ്ങൾ മാത്രം അവശേഷിക്കേയാണ് ഹ്യൂസ് സതാംപടന്റെ പരിശീലക ജോലി ഏറ്റെടുക്കുന്നത്. ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് മൗറീഷ്യോ പെല്ല​ഗ്രിനോയെ പുറത്താക്കിയ സ്ഥാനത്തേക്കാണ് ഹ്യൂസ് എത്തുന്നത്.

സീസണിൽ നിലവിൽ 17-ാം സ്ഥാനത്താണ് സതാംപ്ടൻ. അവസാനം നടന്ന 17 മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ടീമിന് നേടാനായത്.ഈ സാഹചര്യത്തിലാണ് പെല്ല​ഗ്രിനോയെ പുറത്താക്കുന്നത്. ബ്ലാക്ക്ബേൺ റോവേഴ്സ്, മാഞ്ചസ്റ്റർ സിറ്റി, ക്വാൻസ് പാർക്ക് റേഞ്ചേഴ്സ് തുടങ്ങിയ ക്ലബുകളുടെ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട് ഹ്യൂസ്. 2013- മുതൽ സ്റ്റോക്ക് സിറ്റിയുടെ പരിശീലകനായിരുന്നു ഹ്യൂസ്.

വെയിൽ ദേശീയ ടീം കളിക്കാരനായിരുന്ന ഹ്യൂസ് മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ബാഴ്സലോണ, ബയേൺ മ്യൂണിക്ക് തുടങ്ങിയ വമ്പൻ ക്ലബുകളിൽ കളിച്ചിട്ടുണ്ട്. 1999 മുതൽ അഞ്ച് വർഷം വെയിൽസ് ദേശീയ ടീമിന്റെ പരിശീലകനായും ഹ്യൂസ് പ്രവർത്തിച്ചിട്ടുണ്ട്. 2008 മുതൽ ഒന്നരവർഷമാണ് മാഞ്ചസ്റ്റർ സിറ്റിയെ ഹ്യൂസ് പരിശീലിപ്പിച്ചിട്ടുള്ളത്.