SHARE

ന്യൂസിലന്‍ഡിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ടെസ്റ്റ് കരിയറിലെ കന്നി അര്‍ധസെഞ്ചുറി നേടിയിരിക്കുകയാണ് ഇംഗ്ലീഷ് യുവതാരം മാര്‍ക്ക് വുഡ്. എന്നിട്ടും 28 കാരനായ താരം സങ്കടത്തിലാണ്. മറ്റൊന്നുമല്ല, ബോളറെന്ന നിലയില്‍ ടീമിലെത്തിയിട്ട് ശ്രദ്ധേയമായ ബോളിംഗ് പ്രകടനം നടത്താന്‍ കഴിയാത്തതാണ് മാര്‍ക്ക് വുഡിനെ സങ്കടത്തിലാഴ്ത്തുന്നത്. അഞ്ചു വിക്കറ്റ് പ്രകടനം ഇതുവരെ നടത്താന്‍ കഴിയാത്ത താൻ അര്‍ധസെഞ്ചുറി നേടിയതോടെയാണ് മാര്‍ക്ക് വുഡ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

മത്സരത്തിന്റെ ആദ്യ ദിവസത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് വുഡ് തന്റെ വിചിത്രമായ സങ്കടം തുറന്നു പറഞ്ഞത്. ‘ മികച്ച രീതിയില്‍ ഇന്ന് കളിക്കാന്‍ സാധിച്ചു, എന്നാല്‍ എന്റെ സങ്കടം എന്താണെന്ന് വെച്ചാല്‍ ഒരു അഞ്ചു വിക്കറ്റ് പ്രകടനം നടത്തുന്നതിന് മുമ്പ് അര്‍ധസെഞ്ചുറി നേടിയെന്നതാണ്, എന്നാല്‍ ജോണി ബെയര്‍സ്‌റ്റോവുമായുള്ള ബാറ്റിംഗ് ഞാന്‍ ആസ്വദിച്ചു. അദ്ദേഹത്തോടൊപ്പവും അദ്ദേഹത്തിനെതിരെയും 11ാമത്തെ വയസ്സ് മുതല്‍ കളിക്കാന്‍ തുടങ്ങിയതാണ്, ഇന്ന് ജോണിക്കൊപ്പം ബാറ്റ് ചെയ്യുന്നത് ശരിക്കും ആസ്വദിച്ചു’ – വുഡ് പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ശ്രദ്ധേയമായ ബാറ്റിംഗ് പ്രകടനമാണ് മാര്‍ക്ക് വുഡ് കാഴ്ച്ച വെച്ചത്. 164-7 എന്ന നിലയില്‍ ടീം തകര്‍ച്ച നേരിട്ട ഘട്ടത്തില്‍ ക്രീസിലെത്തി 62 പന്തില്‍ 52 റണ്‍സാണ് മാര്‍ക്ക് വുഡ് നേടിയത്. ബെയര്‍സ്‌റ്റോവിനൊപ്പം 95 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പും താരം പടുത്തുയര്‍ത്തി. ആദ്യദിനം കളി അവസാനിക്കുമ്പോള്‍ 290-8 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 97 റണ്‍സെടുത്ത ബെയര്‍സ്‌റ്റോവും 10 റണ്‍സെടുത്ത ജാക്ക് ലീച്ചുമാണ് ക്രീസിലുള്ളത്.