SHARE
അൽവാരോ വാസ്ക്വസ്

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരങ്ങളായ ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ചും അർജന്റൈൻ ഫോർവേഡ് ജോർജ് പെരേയ്ര ഡയസും ഇന്ത്യയിലെത്തി. ഇരുവരും കൊൽക്കത്തയിലാണ് വിമാനമിറങ്ങിയത്. ഇവർ അവിടെ ബ്ലാസ്റ്റേഴ്സ് സ്ക്വാ‍ഡിനൊപ്പം ചേർന്നു.

യുറു​ഗ്വെ മിഡ്ഫീൽഡർ അഡ്രിയാൻ ലൂണയും ബോസ്നിയൻ സെന്റർ ബാക്ക് എനെസ് സിപോവിച്ചും ഓ​ഗസ്റ്റിൽ തന്നെ ടീമിനൊപ്പം ചേർന്നിരുന്നു. ഭൂട്ടാനീസ് വിങ്ങർ ചെൻചോ ജ്യെൽഷൻ ഡ്യൂറാൻഡ് കപ്പിനിടെ ടീമിനൊപ്പം ചേർന്നു. ഡെൽഹി എഫ്സിക്കെതിരായ അവസാന ​ഗ്രൂപ്പ് മത്സരത്തിൽ ചെൻചോ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറുകയും ചെയ്തിരുന്നു.

ഡ്യൂറാൻഡ് കപ്പ് സ്ക്വാഡിലുണ്ടായിരുന്നെങ്കിലും ഡയസിന് ടീമിനൊപ്പം ചേരാൻ വൈകുകയായിരുന്നു. വിസയുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസമാണിതിന് കാരണം. ഇതോടെ ഡ്യൂറാൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് പുറത്തായശേഷമാണ് ഡയസ് കൊൽക്കത്തയിൽ എത്തിയത്. ബ്ലാസ്റ്റേഴ്സ് ഏറ്റവും അവസാനം പ്രഖ്യാപിച്ച് സൈനിങ്ങാണെങ്കിലും മാർക്കോയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകിയില്ല.

അതേസമയം സ്പാനിഷ് താരം അൽവാരോ വാസ്ക്വസ് ഇനിയും ഇന്ത്യയിലെത്തിയിട്ടില്ല. ജേണലിസ്റ്റ് ഹരി​ഗോവിന്ദ് തോയക്കാട്ടിന്റെ ട്വീറ്റ് പ്രകാരം അടുത്തയാഴ്ചയോടെയെ വാസ്ക്വസ് ഇന്ത്യയിലെത്തു. സൂചനകൾ പ്രകാരം ​ഗോവയിൽ വച്ച് വാസ്ക്വസ് ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേരും. അതേസമയം തന്നെ ഡ്യൂറാൻഡ് കപ്പ് ദൗത്യത്തിന് ശേഷം ചില ബ്ലാസ്റ്റേഴ്സ് താരങ്ങൾ നാട്ടിലേക്ക് പോകാനായി ചെറിയ ഇടവേളയെടുത്തതായും സൂചനയുണ്ട്.