SHARE

ജൂണിൽ റഷ്യയിൽ ലോകകപ്പിന് പന്തുരുളുമ്പോൾ റാഫേൽ മാർക്വെസിന് പ്രായം 39 വയസും നാല് മാസവുമായിരിക്കും. പക്ഷെ പ്രായം മാർക്വെസിന് ഒരു പ്രശ്നമല്ല. കാരണം 23-ാം വയസിൽ മെക്സിക്കോ ദേശീയ ടീമിനെ ലോകകപ്പിന് നയിക്കാൻ നിയോഗിക്കപ്പെട്ടവനാണ് മാർക്വെസ്. അത് 2002-ലായിരുന്നു. ഇപ്പോൾ പതിനാറ് വർഷങ്ങൾക്കിപ്പുറം ലോകകപ്പിന് റഷ്യയിൽ പന്ത് തട്ടാനിറങ്ങുമ്പോൾ മാർക്വെസിനെ കാത്തിരിക്കുന്നത് ചരിത്രമാണ്.

ഇപ്പോഴും ദേശീയ ടീം നായകനാണ് മാർക്വെസ്. നിലവിൽ നാല് ലോകകപ്പുകളിൽ ടീമിനെ നയിച്ച് ആ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി മാർക്വെസ് മാറിയിരുന്നു. ഇക്കുറിയും കളിക്കാനിറങ്ങിയാൽ അഞ്ച് ലോകകപ്പ് കളിക്കുന്ന നാലാമത്തെ താരമെന്ന നേട്ടത്തിലേക്ക് മാർക്വെസിനെത്താം. ഇതുവരെ ലോകകപ്പിൽ 16 മത്സരങ്ങൾ മാർക്വെസ് കളിച്ചിട്ടുണ്ട്.

1997-ൽ ദേശീയ ടീമിൽ അരങ്ങേറിയ മാർക്വെസ് പിന്നീട് ഇതുവരെ എല്ലാ വർഷവും ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. 2017-ൽ മാത്രം ഏഴ് അന്താരാഷ്ട്ര മത്സരങ്ങളിലാണ് മാർക്വെസ് മെക്സിക്കൻ ജേഴ്സി അണിഞ്ഞത്. രണ്ട് ​ഗോളുകളും അതേവർഷം നേടി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധനിരക്കാരിലൊരാളായറിയപ്പെടുന്ന മാർക്വെസ് ദേശീയ ടീമിനായി 143 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നിലവിൽ ലോകഫുട്ബോളിൽ തന്നെ ഈ പ്രായത്തിൽ ഇത്ര സജീവമായി കളിക്കുന്നത് ഇറ്റലിയുടെ ജിയാൻ ലൂയി ബഫണിനെപോലെ അപൂർവം പേർ മാത്രം.

2003- മുതൽ ഏഴ് വർഷം ബാഴ്സലോണയുടെ താരമായിരുന്നു മാർക്വെസ്. റൊണാൾഡിന്യോ, സാമുവൽ എറ്റു, ലയണൽ മെസി, സാവി, ഇനിയേസ്റ്റ, കാർലോസ് പുയോൾ എന്നിവരടങ്ങിയ ബാഴ്സ സുവർണതലമുറയിൽ മാർക്വെസും ഉണ്ടായിരുന്നു. ബാഴ്സയ്ക്കൊപ്പം നാല് ലാ ലി​ഗ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീ​ഗ് കിരീടങ്ങളിലും മാർക്വെസിന് നിർണായക പങ്കുണ്ടായിരുന്നു. മെക്സിക്കോ ദേശീയ ടീമിനൊപ്പം 1999 കോൺഫെഡറേഷൻ കപ്പും മാർക്വെസ് സ്വന്തമാക്കി. മൂന്ന് ലോകകപ്പുകളിലും താരം ​ഗോൾ നേടിയിട്ടുണ്ട്.