SHARE

അര്‍ജന്റീനയില്‍ നിന്നുള്ള ലോകോത്തര താരങ്ങളുടെ ആദ്യകാല ക്ലബാണ് റിവര്‍പ്ലേറ്റ്. നിരവധി പ്രതിഭകളെ സൃഷ്ടിച്ച ഇടം. ഇപ്പോള്‍ റിവര്‍പ്ലേറ്റ് ആരാധകര്‍ ആകാംക്ഷയിലാണ്. തങ്ങളുടെ പ്രിയ താരം ഹാവിയര്‍ മസ്‌കരീനോ വീണ്ടും ക്ലബിലേക്ക് തിരിച്ചെത്തുമോ എന്ന കാര്യത്തില്‍. കഴിഞ്ഞ ജനുവരിയില്‍ ബാഴ്‌സലോണയോട് വിടപറഞ്ഞ മസ്‌കരീനോ ചൈനീസ് സൂപ്പര്‍ ലീഗിലേക്കാണ് പോയത്.

ഹെബി ഫോര്‍ച്യൂണ്‍ ക്ലബുമായി രണ്ടുവര്‍ഷത്തെ കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്. എന്നാല്‍ ഇടയ്ക്കുവച്ച് ക്ലബുമായുള്ള കരാര്‍ റദ്ദാക്കി വേണമെങ്കില്‍ മസ്‌കരീനോയ്ക്ക് മടങ്ങാം. കരാറിലെ ഈ വ്യവസ്ഥകളാണ് റിവര്‍പ്ലേറ്റിലേക്ക് താരം വീണ്ടുമെത്തുമെന്ന വാര്‍ത്തകള്‍ക്ക് കാരണം. റിവര്‍പ്ലേറ്റ് ആരാധകര്‍ ദ ലിറ്റില്‍ ബോസ് എന്നു വിളിക്കുന്ന മസ്‌കരീനോ നിരവധി ആരാധകരുള്ള താരമാണ്.

-Advertisement-

മസ്‌കരീനോ പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് കാലെടുത്തു വയ്ക്കുന്നത് റിവര്‍പ്ലേറ്റിലൂടെയാണ്. 2003 മുതല്‍ 2005 വരെ 46 കളികള്‍ ക്ലബിനായി കളിച്ചു. പിന്നീട് വിവിധ ക്ലബുകളില്‍ കളിച്ചശേഷം 2010ലാണ് ബാഴ്‌സലോണയില്‍ ചേക്കേറുന്നത്. നീണ്ട എട്ടുവര്‍ഷക്കാലം ബാഴ്‌സയുടെ നിര്‍ണായക താരമായിരുന്നു ഈ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍.