SHARE

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ശ്രീലങ്കന്‍ ക്രിക്കറ്റര്‍മാരെ മാത്രമല്ല, ഐഎസ്എല്ലിനെയും ബാധിക്കുന്നു. ബുധനാഴ്ച്ച ജംഷഡ്പൂര്‍ എഫ്‌സിയെ സ്വന്തം തട്ടകമായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നേരിടാനൊരുങ്ങുന്ന ഡല്‍ഹി ഡൈനാമോസ് താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങിയത് മാസ്‌ക് ധരിച്ച്. ജംഷഡ്പൂരിനെതിരായ മത്സരത്തില്‍ ഡൈനാമോസ് താരങ്ങള്‍ മാസ്‌ക് അണിഞ്ഞാകും കളത്തിലിറങ്ങുകയെന്നാണ് സൂചന.

ഇന്ത്യയ്‌ക്കെതിരെ ഫിറോഷാ കോട്‌ലയില്‍ നടക്കുന്ന ടെസ്റ്റില്‍ നടക്കുന്ന ടെസ്റ്റില്‍ ശ്രീലങ്കന്‍ താരങ്ങള്‍ മാസ്‌ക് അണിഞ്ഞായിരുന്നു ഫീല്‍ഡിംഗിന് ഇറങ്ങിയത്. സുരംഗ ലക്മല്‍ അടക്കമുള്ള താരങ്ങള്‍ക്ക് മത്സരത്തിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിനെതിരേ ലങ്കന്‍ പരാതി നല്കിയിരുന്നു. അതിനിടെ ഇനി ഡല്‍ഹിയില്‍ മത്സരങ്ങള്‍ അനുവദിക്കും മുമ്പ് രണ്ടാമതൊന്ന് ആലോചിക്കുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.

ഡല്‍ഹിയിലെ കാലവസ്ഥ തങ്ങള്‍ക്ക് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നതായി ഡൈനാമോസ് കോച്ച് എയ്ഞ്ചല്‍ പോര്‍ച്ചുഗല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ബുധനാഴ്ച്ചത്തെ മത്സരം കളിക്കില്ലെന്ന് താരങ്ങളാരും പറഞ്ഞിട്ടില്ലെന്നും അദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഇത്തരം കാലവസ്ഥയില്‍ മത്സരം നടത്തുന്നതിനെതിരേ ജംഷഡ്പൂര്‍ കോച്ച് സ്റ്റീവ് കോപ്പല്‍ രംഗത്തുവന്നു. കഴിഞ്ഞവര്‍ഷം കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഡല്‍ഹിയില്‍ കളിക്കാനെത്തിയപ്പോഴും സമാന അവസ്ഥയായിരുന്നുവെന്ന് കോപ്പല്‍ കൂട്ടിച്ചേര്‍ത്തു.