SHARE

ഇന്ത്യയിലെ രണ്ടാം ഡിവിഷനായി ഐ-ലീ​ഗിന് അടുത്ത സീസണിൽ വൻ അഴിച്ചുപണി. പുതിയതായി അഞ്ച് ടീമുകളാണ് ഐ-ലീ​ഗിലേക്ക് വരുന്നത്. ഇതോടെ അടുത്ത ഐ-ലീ​ഗിൽ ആകെ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 16 ആകും.

ഇന്നലെ ചേർന്ന ഏഐഎഫ്എഫ് യോ​ഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കഴിഞ്ഞ തവണ 12 ടീമുകളാണ് ഐ-ലീ​ഗിലുണ്ടായിരുന്നത്. ഇതിൽ വിജയിച്ച പഞ്ചാബ് എഫ്സി ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നേടി. മാത്രവുമല്ല സുദേവ ഡെൽഹി, കെൻക്രെ എന്നീ ക്ലബുകൾ തരംതാഴ്ത്തപ്പെടുകയും ചെയ്തു. തരംതാഴ്ത്തപ്പെട്ട ക്ലബുകൾക്ക് പകരമായി ഐ-ലീ​ഗ് രണ്ടാം ഡിവിഷനിൽ നിന്ന് ഡെൽഹി എഫ്സി, ഷിലോങ് ലജോങ് എന്നിവർ സ്ഥാനക്കയറ്റം നേടുകയും ചെയ്തു.

തുടർന്നാണ് ഐ-ലീ​ഗിലേക്ക് ഡയറക്ട് എൻട്രിക്ക് ബിഡ് ക്ഷണിച്ചത്. അഞ്ച് സംഘങ്ങളാണ് ബിഡ് സമർപ്പിച്ചത്. നിമിദ യുണൈറ്റഡ്(ബെം​ഗളുരു യുണൈറ്റഡ്, നംധാരി സ്പോർട്സ് അക്കാദമി(ലുധിയാന, പഞ്ചാബ്), വൈഎംഎസ് ഫിനാൻസ്(ഇന്റർ കാശി), കോൺകാറ്റനേറ്റ്(ഡെൽഹി) എന്നീ നാല് കമ്പനികളുടെ ബിഡ്ഡും ഏഐഎഫ്എഫ് അം​ഗീകരിക്കുകയായിരുന്നു.

അമ്പാല കേന്ദ്രീകരിച്ച് ബങ്കർഹിൽ പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ബിഡ്ഡും അം​ഗീകരിച്ചിട്ടുണ്ട്. എന്നാൽ ബങ്കർഹിൽ മുമ്പ് ഐ-ലീ​ഗ് ക്ലബ് മൊഹമ്മദന്റെ ഉടമകളായിരുന്നു. ഇക്കാര്യത്തിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാലെ ബങ്കർഹില്ലിന് പുതിയ ടീമിനെ കളത്തിലിറക്കാൻ കഴിയു.

റിപ്പോർട്ടുകൾ പ്രകാരം അടുത്ത ഐ-ലീ​ഗിന്റെ ഫോർമാറ്റിലും മാറ്റമുണ്ടാകും. എല്ലാ ടീമുകളും പരസ്പരം ​ഹോം-എവേ മത്സരങ്ങൾ കളിക്കുന്ന രീതി മാറ്റിയേക്കും. പകരം അമേരിക്കയിലെ മേജർ ലീ​ഗ് സോക്കറിന്റെ മാതൃകയിൽ ആകെയുള്ള 16 ടീമുകളെ രണ്ട് ​ഗ്രൂപ്പായി തിരിക്കും. എന്നിട്ട് ഓരോ ​ഗ്രൂപ്പിലേയും ടീമുകൾ മാത്രം പരസ്പരം രണ്ട് തവണ ഏറ്റുമുട്ടും. ഇരു ​ഗ്രൂപ്പിലേയും ആദ്യ നാല് സ്ഥാനക്കാർ വീതം പ്ലേ ഓഫ് കളിക്കുന്ന രീതിയാകും നിലവിൽ വരിക. പ്ലേ ഓഫ് നിക്ഷ്പക്ഷ വേദികളിൽ നടത്തുന്ന കാര്യവും പരി​ഗണനയിലുണ്ട്.