SHARE

ന്യൂസിലൻഡും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ മഴ വീണ്ടും വില്ലനാകുന്നു. മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്നലെ മഴയെത്തുടർന്ന് 23.1 ഓവറുകൾ മാത്രമാണ് കളി നടന്നത്. ഇത് മൂലം മൂന്നാം ദിനമായ ഇന്ന് കളി നേരത്തെ തുടങ്ങിയെങ്കിലും 2.5 ഓവറുകൾ എറിഞ്ഞപ്പോളേക്കും മഴ വീണ്ടും എത്തുകയായിരുന്നു. മഴ മൂലം കളി നിർത്തുമ്പോൾ 233/4 എന്ന നിലയിലാണ് ന്യൂസിലൻഡ്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറിനേക്കാൾ 175 റൺസ് മുൻ തൂക്കം നിലവിൽ അവർക്കുണ്ട്.

229/4 എന്ന നിലയിലാണ് മൂന്നാം ദിനം ന്യൂസിലൻഡ് ബാറ്റിംഗ് തുടങ്ങിയത്. കൂറ്റൻ ലീഡ് നേടി ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കാം എന്ന് ആതിഥേയർ കരുതിയിരിക്കെയാണ് മഴയെത്തിയത്. മഴ വരുന്നതിന് മുൻപ് മൂന്നാം ദിവസം വിക്കറ്റ് നഷ്ടം കൂടാതെ 4 റൺസാണ് അവർ നേടിയത്. 52 റൺസോടെ ഹെന്രി നിക്കോൾസും, 18 റൺസോടെ ബി.ജെ വാട്ലിംഗുമാണ് ക്രീസിലുള്ളത്.

നേരത്തെ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ 58 റൺസിന് പുറത്തായിരുന്നു. 6 വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടിന്റേയും, 4 വിക്കറ്റ് നേടിയ ടിം സൗത്തിയുടേയും മാരക ബോളിംഗ് പ്രകടനമായിരുന്നു സന്ദർശകരെ തകർത്തത്.