SHARE

ഒരു ക്രിക്കറ്റ് മത്സരം ഏറ്റവും സൂക്ഷ്മമായി വീക്ഷിക്കുന്നവരാണ് മാച്ച് റഫറിമാർ. കളികാരുടെ ഓരോ ചലനംപോലും ശ്രദ്ധിക്കുന്ന അവർക്ക് തന്നെയാണ് താരങ്ങളെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങളും അറിയാൻ പറ്റുക. മാച്ച് റഫറിമാരുടെ ഈ കഴിവ് ഉപയോഗപ്പെടുത്തിക്കൊണ്ട് പുതിയ ഒരു നീക്കത്തിന് തയ്യാറെടുക്കുകയാണ് ബിസിസിഐ.

മാച്ച് റഫറിമാർക്ക് സെലക്ടർമാരുടെ കൂടി ദൗത്യം നൽകാനാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തയ്യാറെടുക്കുന്നത്. ഇത് എങ്ങനെ നടപ്പിലാക്കണമെന്ന കാര്യത്തിൽ നിലവിൽ ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണ്. അഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലുൾപ്പെടെ താരങ്ങളുടെ പ്രകടനം വിലയിരുത്തി മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരങ്ങളെ ദേശീയ ടീംസെലക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തുകയാവും മാച്ച് റഫറിമാരുടെ ദൗത്യം.

അഞ്ച് പേരടങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മറ്റിക്ക് എല്ലാ അഭ്യന്തര മത്സരങ്ങളിലും ശ്രദ്ധിക്കാനാകുന്നില്ലെന്ന് മുൻപ് പല തവണ പരാതി വന്ന സാഹചര്യത്തിലാണ് മാച്ച് റഫറിമാരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള സെലക്ഷൻ പദ്ധതിക്ക് ബിസിസിഐ തയ്യാറെടുക്കുന്നത്. അഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും ശ്രദ്ധ നേടാതെ പോകുന്ന താരങ്ങൾക്കും, നിലവിൽ അമിത ജോലി ചെയ്യുന്ന സെലക്ടർമാർക്കും ബിസിസിഐ യുടെ പുതിയ നീക്കം വലിയ സഹായമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.