SHARE
ഗ്വെൻഡോസി

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് രണ്ട് ആഴ്ച പൂർത്തിയാക്കിയപ്പോൾ രണ്ടിലും തോൽവി ഏറ്റുവാങ്ങാനായിരുന്നു ആഴ്സനലിന്റെ വിധി. ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോടും രണ്ടാം മത്സരത്തിൽ ചെൽസിയോടും തോറ്റ് ആഴ്സനൽ പരിഹാസമാറ്റുവാങ്ങുകയാണ്. എന്നാൽ ഇതിനിടിയിലും അഭിനന്ദങ്ങൾ കരസ്ഥമാക്കുകയും മാധ്യമശ്രദ്ധ പിടിച്ചെടുക്കുകയും ചെയ്യുകയാണ് മത്ത്യേവോ ​ഗ്വെൻഡോവ്സി എന്ന പത്തൊമ്പതുകരാൻ.

നീളൻ ചുരുണ്ട മുടിയുമായി കാഴ്ചയിൽ ബ്രസീൽ താരം ഡേവിഡ് ലൂയിസിനെ അനുസ്മരിപ്പിക്കുകയാണ് ഈ ഫ്രഞ്ചുകാരൻ. നീളൻ മുടിയാണ് ​ഗ്വെൻഡോവ്സിയെ ആദ്യം ശ്രദ്ധേയനാക്കിയതെങ്കിൽ താരത്തിന്റെ കളിമികവാണ് ഇപ്പോൾ ചർച്ചയാകുന്നത്. ലീ​ഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും പേരുകേട്ട ആഴ്സനൽ മധ്യനിരയിൽ ​ഗ്വെൻഡോവ്സിക്ക് പരിശീലകൻ യുനായ് എമ്റി അവസരം നൽകി. പരിശീലകന്റെ വിശ്വാസം കാത്ത ​ഗ്വെൻഡോവ്സി ഭാവിവാ​​ഗ്ദനമെന്ന വിശേഷണം കരസ്ഥമാക്കിക്കഴിഞ്ഞു. അതും പ്രമുഖ താരങ്ങളിൽ നിന്ന് തന്നെ.

സെൻട്രൽ മിഡ്ഫീൽഡറായ ​ഗ്വെൻഡോവ്സി പാസിങ്ങിലെ കൃത്യയയിലൂടെയാണ് ശ്രദ്ധേയനായത്. ആഴ്സനലിനായി പ്രതിരോധത്തിലൂന്നിയാണ് ​ഗ്വെൻഡോവ്സി കളിക്കുന്നത്. രണ്ട് മത്സരങ്ങളിലും മുഴുവൻ സമയവും കളിച്ച ​ഗ്വെൻഡോവ്സി എട്ട് ടാക്കിളുകളും ഒമ്പത് ഇന്റർസെപ്ഷനുമാണ് നടത്തിയത്. ഇക്കാര്യങ്ങളിൽ പ്രശ്സതനായ ചെൽസിയുടെ എൻ​ഗോളോ കാന്റെ പോലും ഇപ്പോൾ ​ഗ്വെൻഡോവ്സിക്ക് പിന്നിലാണ്. ഇതുവരെ വെറും ഒരു ഫൗൾ മാത്രമാണ് ​ഗ്വെൻഡോവ്സി നടത്തിയിട്ടുള്ളത്.

പി.എസ്.ജിയിൽ യൂത്ത് കരിയർ ആരംഭിച്ച ​ഗ്വെൻഡോവ്സി പിന്നീട് ലോറിയെന്റിലെത്തി. രണ്ട് വർഷത്തിനിടെ ലോറിയന്റിന്റെ സീനിയർ ടീമിനായി 26 മത്സരങ്ങൾ ഈ കൗമാരക്കാരൻ കളിച്ചു. ഇക്കാലയളവിൽ ​ഗ്വിൻഡോവ്സിയുടെ പാസിങ്ങിലെ കൃത്യത 90 ശതമാനമായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. ഫ്രഞ്ച് അണ്ടർ 20 ടീമിനായു ​ഗ്വെൻഡോവ്സി കളിക്കുന്നുണ്ട്.