SHARE

ഇന്ത്യൻ ഫുട്ബോളിന്റെ മുന്നേറ്റനിരയെ ഭാവിയിൽ നയിക്കേണ്ട താരമായി വിശേഷിപ്പിക്കപ്പെടുന്നത് മൻവീർ സിങ്ങിനെയാണ്. ഐ.എസ്.എല്ലിൽ എ.ടി.കെ മോഹൻബ​ഗാനായി ഉജ്ജ്വലപ്രകടനം നടത്തിയതോടെ ഇന്ത്യൻ ദേശീയ ടീമിൽ സ്ഥിരം സാന്നിധ്യമായി മൻവീർ മാറി.

സുനിൽ ഛേത്രിയിപ്പോൾ കരിയറിന്റെ അവസാനഘട്ടത്തിലാണ്. എന്നാൽ മറ്റൊരു പകരക്കാരനെ കി‌ട്ടാത്തതിനാൽ ഇന്ത്യയിപ്പോഴും ഛേത്രിയെ ആശ്രയിക്കുകയാണ്. എന്നാൽ ഛേത്രിക്കൊപ്പം കളിച്ചുകൊണ്ട് കൂടുതൽ പഠിക്കാനാണ് മൻവീറിന്റെ ശ്രമം. ഏറ്റവും മികച്ച സ്ട്രൈക്കർമാർക്കൊപ്പം കളിക്കുന്നത് എന്റെ ജോലി എളുപ്പമാക്കും, ഞാൻ ഛേത്രിയുടെ കളി നിരീക്ഷിക്കാറുണ്ട്, ​ഗോൾമുഖത്ത് ഛേത്രി പുലർത്തുന്ന ശാന്തത, ഞാൻ അനുകരിക്കാൻ ശ്രമിക്കാറുണ്ട്, മത്സരത്തിൽ അത്തരം ശാന്തതയും സമചിത്തതയുമാണ് അത്യാവശ്യം, ഒരു കളിയിൽ സ്ട്രൈക്കറിന് ദശലക്ഷകണക്കിന് അവസരങ്ങളൊന്നും കിട്ടില്ലല്ലോ, മൻവീർ ഏ.ഐ.എഫ്.എഫ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

പല മത്സരങ്ങളിലും ചിലപ്പോൾ ഒരു അവസരമെ നമുക്ക് ലഭിക്കു, ചിലപ്പോഴൊക്കെ അത് അർഥാവസരങ്ങളായിരിക്കും, അത് മുതലാക്കാൻ കഴിയണം, ഇക്കാര്യങ്ങളിലൊക്കെ ഞാൻ റോയ് കൃഷ്ണയേയും മാതൃകയാക്കാറുണ്ട്, യഥാർഥത്തിൽ ഈ രണ്ട് താരങ്ങളാണെന്റെ ഹീറോസ്, മൻവീർ പറഞ്ഞു.