SHARE

റഷ്യന്‍ ലോകകപ്പിനു മുന്നോടിയായുള്ള ബ്രസീല്‍ ക്യാമ്പിലേക്ക് സൂപ്പര്‍ താരം നെയ്മറും എത്തിചേര്‍ന്നു. ടെറെസോപോളിസിലെ ക്യാമ്പില്‍ വന്‍ സുരക്ഷ സന്നാഹത്തോടെയാണ് താരം എത്തിയത്. ഹെലികോപ്ടറില്‍ ഗ്രൗണ്ടിന് അടുത്തുള്ള മൈതാനത്ത് ഇറങ്ങിയ നെയ്മറെ ടീമിന്റെ സെക്യൂരിറ്റി വിംഗിലുള്ളവരും സപ്പോര്‍ട്ടിംഗ് സ്റ്റാഫിലുള്ളവരുമാണ് സ്വീകരിച്ചത്.

മാധ്യമങ്ങളെ പൂര്‍ണമായും അകറ്റിനിര്‍ത്തി. നെയ്മറിന്റെ പരിക്ക് സംബന്ധിച്ച് അദേഹത്തോട് ചോദ്യങ്ങള്‍ ഉണ്ടാകുമോയെന്ന ഭയത്താലാണ് ടീം അധികൃതര്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു ശേഷമായിരിക്കും കാസ്മീറോ, മാര്‍സെലോ, റോബേര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ ടീമിനൊപ്പം ചേരുക.

അടുത്ത ശനിയാഴ്ച്ച ബ്രസീല്‍ ടീം ലണ്ടനിലേക്ക് പോകും. അവിടെയാണ് രണ്ടാംഘട്ട ക്യാമ്പ്. ലണ്ടനില്‍ വച്ച് ക്രൊയേഷ്യ, ഓസ്ട്രിയ ടീമുകള്‍ക്കെതിരേ സൗഹൃദ മത്സരങ്ങള്‍ കളിക്കും. നെയ്മര്‍ ഈ മത്സരങ്ങളില്‍ കളിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ 90 മിനിറ്റും കളത്തിലുണ്ടാകില്ല.