SHARE

സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വല കാത്തത് അണ്ടര്‍ 17 ലോകകപ്പിലെ ഹീറോ ആയിരുന്ന ധീരജ് സിംഗായിരുന്നു. പുതുമുഖത്തിന്റെ പരിഭ്രമം ഉണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ മത്സരം പൂര്‍ത്തിയാക്കാന്‍ ധീരജിനായി. അതേസമയം ഇനിയുള്ള മത്സരങ്ങളില്‍ ഗോള്‍കീപ്പര്‍മാരെ മാറിമാറി പരീക്ഷിക്കുമെന്ന സൂചനയാണ് കോച്ച് ഡേവിഡ് ജെയിംസ് നല്കുന്നത്.

മുംബൈ സിറ്റിക്കെതിരായ മത്സരത്തിലും ധീരജ് തന്നെ ഗോള്‍വല കാക്കുമെങ്കിലും വരുന്ന മത്സരങ്ങളില്‍ മറ്റു ഗോളിമാര്‍ക്കും അവസരം നല്കുമെന്നാണ് കോച്ച് പറയുന്നത്. ഗോളിമാരെ മാറ്റിമാറ്റി കളിപ്പിക്കുന്നതില്‍ ഒരു കുഴപ്പവും ഞാന്‍ കാണുന്നില്ല. നമ്മുക്ക് വ്യത്യസ്തരായ മൂന്നു ഗോളിമാരാണുള്ളത്. ചില മത്സരങ്ങളില്‍ ചിലരുടെ സ്‌റ്റൈല്‍ ആ മത്സരത്തിനു യോജിച്ചതാകില്ല. അപ്പോള്‍ മറ്റൊരാളെ കൊണ്ടുവരും. ഇത്തരം മാറ്റത്തോട് എനിക്കു വിയോജിപ്പില്ല.

അതേസമയം മുംബൈയ്‌ക്കെതിരേ സ്‌പെഷ്യല്‍ ജേഴ്‌സിയിലാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുക. പ്രളയം കേരളത്തെ പിടിച്ചുലച്ചപ്പോള്‍ ചങ്കുറപ്പ് കൈമുതലാക്കി രക്ഷകവേഷത്തിലെത്തിയ കടലിന്റെ മക്കള്‍ക്ക് ആദരമൊരുക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. കേരളത്തിന്റെ സൂപ്പര്‍ ഹീറോമാര്‍ കളിക്കളത്തില്‍ ആദരിക്കുന്ന കാര്യം ബ്ലാസ്റ്റേഴ്‌സ് ബ്രാന്‍ഡ് അംബാസിഡറായ മോഹന്‍ലാലണ് വീഡിയോയിലൂടെ അവതരിപ്പിച്ചത്.