SHARE

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ കളിച്ച് ഇന്ത്യൻ താരം മയങ്ക് അഗർവാൾ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചിരുന്നു‌. മൂന്നാം ടെസ്റ്റിലും നാലാം ടെസ്റ്റിലും ഇന്ത്യയ്ക്കായി കളിച്ച അഗർവാൾ മികച്ച പ്രകടനമാണ് ഈ മത്സരങ്ങളിൽ കാഴ്ച വെച്ചത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങവേ, ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ അഗർവാൾ ഓസീസ് പരമ്പരയെക്കുറിച്ച് മനസ് തുറന്നു.

തന്റെ അരങ്ങേറ്റ മത്സരത്തിൽ സമ്മർദ്ദം കുറയ്ക്കാൻ സഹായകമായത് സഹതാരം കെ.എൽരാഹുലിന്റെ ഉപദേശമായിരുന്നുവെന്നാണ് ഇപ്പോൾ അഗർവാൾ വെളിപ്പെടുത്തിയിരിക്കുന്നത്. “ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. രാഹുലിനൊപ്പം കോഫി കുടിക്കാൻ പോയപ്പോൾ അദ്ദേഹം എന്താകും നടക്കാൻ പോവുകയെന്നതിനെക്കുറിച്ച് എന്നോട് പറഞ്ഞു. ഓസീസ് എങ്ങനെയാവും തന്നെ ആക്രമിക്കുകയെന്നും, അവരുടെ ബോളിംഗ് പ്ലാനുകൾ എന്തൊക്കെയായിരിക്കുമെന്നും രാഹുൽ വിശദമാക്കി. തന്നെ അവർ എങ്ങനെ നേരിടുമെന്നും, ഏതൊക്കെ ഏരിയകളിൽ എനിക്കെതിരെ പന്തെറിയുമെന്നും അവൻ പറഞ്ഞുതന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച മത്സരപരിചയമുള്ള അവന്റെ ഉപദേശങ്ങൾ തനിക്ക് വലിയ രീതിയിൽ സഹായകമായി.” അഗർവാൾ പറഞ്ഞുനിർത്തി.